April_02_2014/ ഉണ്ണികൃഷ്ണൻ പുതൂർ

*ഗുരുവായുരുള്ളൊരു കൃഷ്ണനന്നൊരു ദിനം*
*കരുമാടിക്കുട്ടന്റെ വേഷം കെട്ടി.*
*ഒരു കരുമാടിക്കുട്ടന്റെ വേഷം കെട്ടി.*
*പെരിയാറിൻ തീരത്ത് പേരാലിൻ തണലത്ത്* *മുരളിയുമൂതി ചെന്നിരുന്നു,*
*കണ്ണൻ മുരളിയുമൂതി ചെന്നിരുന്നു.*

_"ജീവിതത്തിന്റെ_ _അഗാതതലങ്ങളിലേക്ക്_ _ഇറങ്ങിച്ചെന്ന് മുത്തുകൾ_ _കണ്ടെടുക്കാനുള്ള_ _അദ്ദേഹത്തിന്റെ_ _വൈദഗ്ധ്യത്തിനുള്ള_ _വാഗ്ദത്തമാണീ _കെട്ട്പിണഞ്ഞ ജീവിതബന്ധം_
_എന്നു പറയുന്നതിൽ_ _സന്തോഷമുണ്ട്."_

പ്രശസ്ത സാഹിത്യകാരൻ,
*ഉണ്ണിക്കൃഷ്ണൻ പുതുരിനെ*
സംബന്ധിച്ച്‌ "എംടിയുടെ" അഭിപ്രായമാണ് മുകളിൽ കണ്ടത്.

1992 ൽ ശ്രീ _പിവി ഗംഗാധരൻ_
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനായി
*ടി ദാമോദരന്റെ* തിരക്കഥയെ
അടിസ്ഥാനമാക്കി *അദ്വൈതം*  എന്നൊരു ചിത്രം കോഴിക്കോട്ട്
ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നു.
ശ്രീ _എസ്സ് പ്രിയദർശനാണ്_
സംവിധായകൻ.
കേരളത്തിലെ പ്രശസ്തവും
സമ്പന്നവുമായ ഒരു ക്ഷേത്രത്തിന്റെ ഭരണച്ചുമതല
കയ്യാളുന്ന _ശിവൻ_ എന്ന
യുവ വിപ്ലവപ്പാർട്ടിയംഗം.
ഒരിക്കൽ ശിവൻ
ക്ഷേത്രതന്ത്രിയുമായി ഇടയുന്നു. ദേവസ്വം ചെയർമാനോട് ദേവസ്വം
ജീവനക്കാരുടെ സംഘടനയുടെ നേതാവ്
പരമേശ്വരപ്പൊതുവാൾ,
ചെയർമാനോട് തട്ടിക്കയറുന്നു.
പുതൂരിന്റെ സാഹിത്യ
അക്കാദമി അവാർഡ് നേടിയ
*ബലിക്കല്ലിന്റെ*
ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അദ്വൈതം.
പ്രശസ്ത ഹാസ്യനടൻ
*ആലുംമൂടൻ,*
ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ
ഹൃദയാഘാതത്താൽ നിര്യാതനായത്
മറ്റൊരു വിഷമമുള്ള വാർത്തയായിരുന്നു അന്ന്.

മലയാള കഥാസാഹിത്യത്തിൽ
ആത്മമുദ്ര പതിപ്പിച്ച *ഗുരുവായൂരിന്റെ* കഥാകാരൻ
ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ
സഫലമായ സാഹിത്യ സാമ്രാജ്യത്തിലേയ്ക്ക്
ഒരു ദീർഘമായ പര്യടനത്തിനിറങ്ങിയാൽ
വിചാരിച്ച നേരത്ത്
തിരിച്ചെത്തിച്ചേരുമെന്ന് തോന്നുന്നില്ല.
കഥാകൃത്ത്,
നോവലിസ്റ്റ്,
ദേവസ്വം ജീവനക്കാരുടെ
സംഘടനാ നേതാവ്,
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡണ്ട്, സാഹിത്യ
അക്കാദമി നിർവാഹകസമിതിയംഗം എന്നീ വ്യത്യസ്ത കർമഭൂമികളിലെല്ലാം
വിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
നിർഭയത്വവും ആർക്കും കീഴടങ്ങാത്ത, ആരെയും കൂസാത്ത പ്രകൃതവും
എന്തും തുറന്നടിക്കുന്ന രീതിയും എന്നും പുതൂരിനെ
വിവാദങ്ങളിലേയ്ക്ക്
നയിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.
ഒരു പക്ഷേ ഒരേ ഭാഷയിൽ
എഴുന്നൂറോളം ചെറുകഥകൾ
രചിച്ച അപൂർവ്വ വ്യക്തി എന്നുള്ള ഉന്നത ശീർഷത്വവും
പുതൂരിനുള്ളതാണ്.

1933 ൽ കല്ലാത്ത്
ചുള്ളിപ്പറമ്പിൽ
_ശങ്കുണ്ണിനായരുടേയും_
പുതൂർ _ജാനകിയമ്മയുടെയും_ മകനായി ഉണ്ണിക്കൃഷ്ണൻ
ജനിച്ചു. തൃശൂർ ജില്ലയിലെ
*ഏങ്ങണ്ടിയൂരിൽ*
_ഇല്ലത്ത് അകായിൽ_ എന്ന സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിലായിരുന്നു ജനനമെങ്കിലും വളർന്നത്
ഗുരുവായൂരിലായിരുന്നു.
*ചാവക്കാട്* ബോർഡ്
ഹൈസ്കൂളിൽ നിന്നും
1952 ൽ സ്കൂൾ ഫൈനൽ
പാസായി.
1954-56 കാലത്ത്
പാലക്കാട് *വിക്ടോറിയ* കോളേജിൽ ഇന്റർമീഡിയേറ്റിന് പഠിക്കുമ്പോൾ കോളേജ് യൂണിയൻ ചെയർമാനായി.
തുടർന്ന് രാഷ്ട്രീയ, തൊഴിലാളി പ്രവർത്തകനായും
പത്രം ഏജന്റ്, പത്രലേഖകൻ,
പത്രാധിപസമിതിയംഗം
എന്നീ നിലകളിലും
ജീവിക്കേണ്ടി വന്നു.
സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമിതിയംഗമായിരിക്കെ
1968 ൽ പാർലമെന്റ് പിക്കറ്റ്
ചെയ്ത് അറസ്റ്റ് വരിച്ചു.
1957 ൽ ഗുരുവായൂർ
ദേവസ്വത്തിൽ ക്ലാർക്കായി
ചേർന്ന പുതൂർ
1987 ൽ ലൈബ്രേറിയനായി
വിരമിച്ചു.
1952 ൽ രചിച്ച
*കരയുന്ന കാല്പാടുകൾ*
എന്ന ആദ്യ കഥാസമാഹാരവുമായി
കേരളം മുഴുവൻ അലഞ്ഞ്നടന്ന്
വില്പന നടത്തി.
*ചങ്ങമ്പുഴയുടെ* ശവകുടീരത്തിലിരുന്ന്
കരയുന്ന ഒരാരാധകന്റെ
അനുസ്മരണത്തെക്കുറിച്ചുള്ള _മായാത്ത സ്വപ്നം_
ഉൾപ്പെടെ അഞ്ച് കഥകളാണ്
സമാഹാരത്തിൽ.
ഒടുങ്ങാത്ത പ്രതികാരം.
കളിത്തോഴി,
ഉമ്മാടെ കത്ത്,
നിയമത്തിന്റെ നീതി
എന്നിവയാണ് മറ്റ് കഥകൾ.
പുസ്തക വില്പനയുമായി
ഒരു നാൾ *കോട്ടയം* നഗരത്തിൽ പീടികത്തിണ്ണയിൽ
ഉറങ്ങുമ്പോൾ *ബഷീർ*
തട്ടിയുണർത്തി ചോറ് വാങ്ങിക്കൊടുത്തതും
വഴിച്ചിലവിന് അഞ്ച് രൂപ
കൊടുത്തതും പില്ക്കാലത്ത്
അനുസ്മരിച്ചിട്ടുണ്ട്.
അത് കൊണ്ട് തന്നെയാണ്
ബഷീറും ചങ്ങമ്പുഴയും
ഇഷ്ടപ്പെട്ട എഴുത്ത്കാരായി.
എന്നാൽ പുതൂർ
ആദ്യമെഴുതിയത് കവിതകളായിരുന്നു.
1985 ൽ *കല്പകപ്പൂമഴ*
എന്ന പേരിൽ കവിതകൾ
പുസ്തകമായി.

നവോത്ഥാനതലമുറയ്ക്ക് ശേഷം
നമ്മുടെ കഥാഭാവുകത്വത്തെ
സമ്പന്നമാക്കുകയും
നവീകരിക്കുകയും ചെയ്ത ധാരാളം എഴുത്തുകാർ രംഗത്തുവന്ന കാലത്തുതന്നെയാണ് പുതുർ എഴുതിത്തുടങ്ങുന്നത്. നവോത്ഥാന കഥാപാരമ്പര്യത്തിൽ നിന്ന് വ്യതിരിക്തമായി അക്കാലം വരെ നിലനിന്നിരുന്ന രചനാമാതൃകകളെയെല്ലാം അട്ടിമറിച്ചുകൊണ്ട് വന്ന എഴുത്തുകാർ രചനയുടെ പുതിയ ആഖ്യാനതന്ത്രങ്ങൾ അന്വേഷിച്ചിറങ്ങി.
*ഒവി വിജയൻ,*
മുകുന്ദൻ, ആനന്ദ്, *കാക്കനാടൻ,* *മാധവിക്കുട്ടി,* പത്മനാഭൻ, എംടി,
*സിവി ശ്രീരാമൻ,* *പുനത്തിൽ കുഞ്ഞബ്ദുള്ള* തുടങ്ങിയവർ പുതിയ പരീക്ഷണങ്ങൾ
ആഖ്യാനരീതിയിലും
പ്രമേയത്തിലും ഭാഷയിലും കൊണ്ടുവന്നു.
പല പ്രസ്ഥാനങ്ങളും ഇക്കാലഘട്ടത്തിൽ കഥാസാഹിത്യത്തെ സ്വാധീനിച്ചു.
എന്നാൽ തന്റെ സമകാലീകരുടെ
രാജപാതയിലൂടെ സഞ്ചരിക്കാതെ കഠിനാധ്വാനത്തിലൂടെ മാത്രം പുതിയൊരു വഴിത്താര കഥാസാഹിത്യത്തിൽ പുതൂർ സൃഷ്ടിച്ചെടുത്തു. സ്വന്തമായൊരു ആഖ്യാനരീതിയും ജീവിത കാഴ്ചപ്പാടും നിലനിർത്തിക്കൊണ്ട് കഥാരംഗത്ത് തനതായ ഒരു തട്ടകം തീർത്ത എഴുത്തുകാരനാണ്
പുതൂർ. രചനാപരമായ വൻ കോളിളക്കങ്ങളോ ഭാഷാപരമായ വൻ അട്ടിമറികളോ ഒന്നും നടത്താതെ കേരളത്തിന്റെ സർഗാത്മക ജീവിതത്തിലും
ധൈഷണികാന്തരീക്ഷത്തിലും ജീവിതയാഥാർത്ഥ്യങ്ങളുടെ തീക്കനലുകൾ വാരിവിതറി അദ്ദേഹം.

കഥ, സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഭാഷാരൂപമാണെന്ന നവോത്ഥാനകഥാകാരന്മാരുടെ ആഖ്യാനമാതൃകകളും കർശനമായ ജീവിതാവബോധവും പുതൂരിന്റെ സർഗജീവിതത്തെ സ്വാധീനിച്ചിരുന്നു.
മുൻതലമുറക്കാരുടെ സർഗപാരമ്പര്യവും ഭാവുകത്വവും
അവരുടെ സർഗാത്മക കാല്പാടുകളും ഉൾക്കൊള്ളാതെ, തന്റെ കാലത്തിന്റെ സമസ്യകളെ പൂർണ്ണമായി ആവിക്ഷ്ക്കരിക്കാൻ എഴുത്ത്കാർക്ക് സാധിക്കില്ലെന്ന് പുതൂർ വിശ്വസിച്ചു.
നവോത്ഥാന കലാകാരന്മാരുടെ പ്രത്യേകിച്ച് *കേശവദേവ്,* *പൊൻകുന്നം വർക്കി* തുടങ്ങിയവരുടെ
കലാപോന്മുഖതയും
രചനാതന്ത്രങ്ങളും പുതൂരിന്റെ രചനകളെ സൂക്ഷ്മരൂപത്തിൽ സ്വാധീനിച്ചിട്ടുണ്ടായിരുന്നു.
ആ പാരമ്പര്യത്തിൽ വേരുറപ്പിച്ച് നിന്ന് കൊണ്ട്
തന്റെ കാലത്തിന്റെയും ദേശത്തിന്റെയും ഹൃദയത്തുടിപ്പുകൾക്കും ജീവിതാനുഭവങ്ങൾക്കും സർഗാത്മക രൂപം നൽകുകയായിരുന്നു പുതൂർക്കഥകൾ.

കാലത്തോടും ദേശത്തോടുമെന്നപോലെതന്നെ തന്റെ ജീവിതാനുഭവങ്ങളോടുമുള്ള സർഗാത്മക സംവാദമാണ് പുതൂർക്കഥകൾ. ഉള്ളിൽനിന്നൂറിയൂറിവരുന്ന അനുഭവ ബിന്ദുവാണ് പുതൂരിന് കഥ എന്നതുകൊണ്ട് ജീവിതത്തിന്റെ ഓരോ ആന്തരിക ചലനവും
പുതൂർക്കഥകളുടെ
ഘടനയിൽ കാണാം.
ജീവിതമുദ്രകളുടെ താളവും സത്യസന്ധതയും മൂർച്ചയും തെളിമയും
പുതൂർക്കഥകളുടെ സവിശേഷതയാണ്.

പുതൂരിന്റെ എല്ലാ കൃതികളും പിറന്ന് വീഴുന്നത് കത്തുന്ന ജീവിതാനുഭവങ്ങളിൽ നിന്നാണ്. ജീവിതത്തിന്റെ നെരിപ്പോടിൽ നിന്ന് വിളക്കിയെടുക്കുന്ന കഥകൾക്ക് ആത്മാംശം ഉണ്ടായിരിക്കും. *ബഷീറിനെയും* ദേവിനേയും വർക്കിയേയും പോലെ ജീവിതം തന്നെയാണ്
പുതൂരിന്റെ കഥാപ്രപഞ്ചം.
ജീവിതം തേടി നടത്തിയ അലച്ചിലുകൾ, ഇന്ത്യ മുഴുവൻ നടത്തിയ യാത്രകൾ, വ്യത്യസ്ത തൊഴിലുകൾ, ഔദ്യോഗികരംഗത്ത് നിന്നുണ്ടായ പൊള്ളുന്ന അനുഭവങ്ങൾ, പീഡനങ്ങൾ, ജീവിതസമരത്തിൽ നിന്നുള്ള പാഠങ്ങൾ, മരുമക്കത്തായ കുടുംബാന്തരീക്ഷത്തിലെ സംഘർഷങ്ങൾ ഇവയെല്ലാം സത്യസന്ധമായി പകർത്തുക മാത്രമാണ്
പുതൂർ.
വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ വിശാലമായ ഈ അനുഭവ ലോകമാണ് പുതൂരിന്റെ കഥാസാഹിത്യം.

പുതൂരിന്റെ ഓരോ കൃതിയും ഈ അനുഭവയാഥാർത്ഥ്യങ്ങളുടെ ആവിഷ്കാരമാണ്. വർത്തമാനകാലത്തെ യാഥാർഥ്യങ്ങളെ ആഴത്തിൽ ആവിഷ്കരിക്കുക തന്നെയാണ് എഴുത്തുകാരന്റ ചരിത്ര ധർമ്മം. തന്റെ കൺമുമ്പിൽ
നിലനിൽക്കുന്ന പ്രതിസന്ധികളോട് സംവദിക്കാതെ യാഥാർത്ഥ്യങ്ങളോട് മുഖം തിരിച്ച് നിന്ന് ഭാഷാപരമായ ലീലകളിലോ കാല്പനിക സ്വപ്നങ്ങളിലോ അഭിരമിക്കുന്ന എഴുത്തുകാരനല്ല പുതൂർ.
ഈ യാഥാർത്ഥ്യബോധം
പുതൂരിന്റെ കഥകളുടെ അടിയൊഴുക്കാണ്.

പുതൂരിന്റെ കൃതികളിൽ  ഒരുപാട് ജീവിതാനുഭവങ്ങളും ഓർമ്മകളും കെട്ടുപിണഞ്ഞു കിടക്കുന്നു. *കെട്ട് പിണഞ്ഞ ജീവിതബന്ധം* എന്നൊരു സമാഹാരം തന്നെ പുതൂർ പുറത്തിറക്കിയിട്ടുണ്ട്. കവിക്കും വിശപ്പുണ്ടെന്നും അയാൾക്ക് ജീവിക്കുവാൻ പൂച്ചെണ്ടുകളും
പൂനിലാവുകളും
മാത്രം പോരാ എന്ന യാഥാർത്ഥ്യം, ഈ സമാഹാരത്തിലെ
*കവിയുടെ ശവകുടീരം* വെളിപ്പെടുത്തുന്നു.
ഒരു മുക്കാലിന് വേണ്ടി
ചുട്ട് പഴുത്ത ചട്ടുകം,
തുടകളിലേല്ക്കേണ്ടി
വന്ന ഉണ്ണിയുടെ കഥ പറയുന്ന *ഒരു മുക്കാൽ* എന്ന കഥയും തൊഴിലാളികളുടെ ജീവിത ക്ലേശങ്ങൾ ആവിഷ്കരിക്കുന്ന
*അവന്റെ വിശപ്പ് തീർന്നു* എന്ന കഥയും ഈ സമാഹാരത്തിലെ കഥകളാണ്.

കഥ, സാങ്കല്പികങ്ങളാകുന്നതിൽ തെറ്റില്ല. എന്നാൽ അനുഭവ സമ്പന്നമായ കഥകൾക്കേ അനുവാചകരെ സൃഷ്ടിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന എഴുത്ത്കാരനാണ് പുതൂർ. പുതൂർ സാഹിത്യത്തിന്റെ മുഖമുദ്ര തന്നെ നെറികേടുകൾക്കെതിരായ പോരാട്ടമാണ്.
അനീതികൾക്കും, കൊള്ളരുതായ്മകൾക്കും, അധികാര പ്രമത്തതയ്ക്കുമെതിരായ ആത്മരോഷത്തിന്റെ സർഗസ്ഫോടനങ്ങളാണ് *ബലിക്കല്ല്* *നാഴികമണി* തുടങ്ങിയ നോവലുകൾ. ജീവിതത്തിന്റെ നന്മകളിലും ആർദ്രതകളിലും മാത്രം വിശ്വസിക്കുന്ന എഴുത്തുകാരൻ, ജീവിതത്തിന് നിരക്കാത്ത അഴിമതികൾ, അധികാരി വർഗ്ഗത്തിന്റെ കുടിലതന്ത്രങ്ങൾ, ദുഷ്ടതകൾ, എന്നിവയ്ക്കെതിരെ സത്യത്തിലും ധർമ്മത്തിലും അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്നതിന്റെ വീറും അതിലദ്ദേഹം അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും ഈ നോവലുകളുടെ അന്തർധാരകളാണ്.
*തായാട്ട് ശങ്കരൻ* എഴുതിയതുപോലെ _"ഉണ്ണികൃഷ്ണൻ_ ചിലപ്പോഴൊക്കെ _കേശവദേവിന്റ_ ചുരുട്ടിയ മുഷ്ടിയോടെയാണ് കഥപറയുന്നത്. അസഹിഷ്ണുവായ ഒരു സാമൂഹിക വിപ്ലവകാരി ഈ കാഥികനിൽ നിലയുറപ്പിച്ചിട്ടുണ്ട്. ജീവിതത്തിന്റെ വൈചിത്ര്യവൈവിധ്യങ്ങളെ ഓരോ വാക്കിലും ആവാഹിക്കാനായി എഴുത്തിൽ മാത്രം
തപസനുഷ്ഠിക്കുന്ന ഹൃദയാലുവായ എഴുത്തുകാരന്റെ മനസ്സ് വെന്ത്നീറുകയാണ്.
തീ പിടിച്ച മനസ്സും അസ്വസ്ഥമായ ഹൃദയവുമായി ജീവിക്കാൻ ശപിക്കപ്പെട്ട കഥാകാരനാണ് പുതൂർ. സമൂഹനിർമ്മിതമായ നിയമത്തിന്റെ നീതിരാഹിത്യത്തിന് നേരെ അദ്ദേഹം രോഷം കൊള്ളുകയും അങ്ങനെ ചവിട്ടിയരയ്ക്കപ്പെട്ട നിസ്സഹായരുടെ ജീവിതകഥ
ഊക്കോടെ ആവിഷ്കരിക്കുകയും ചെയ്യുമെന്നാണ് മേൽ പറഞ്ഞതിന്റെ അർത്ഥമെന്ന്
തായാട്ട് വിശദമാക്കുന്നു.
സമൂഹത്തിൽ കാണുന്ന അഴിമതികൾ, മനുഷ്യത്വമില്ലായ്മ,
കാപട്യങ്ങൾ, അധികാരധാർഷ്ട്യങ്ങൾ ഗൂഢാലോചനകൾ
എല്ലാം അദ്ദേഹത്തിന്റെ
മനസാക്ഷിയെ
ത്രസിപ്പിക്കുകയും
ധാർമ്മികരോഷത്തെ
ആളിക്കത്തിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ ആഖ്യാന
ഭാഷ കാവ്യാത്മകവും
കാല്പനികതയുടെ സുഗന്ധം
പരത്തുന്നതുമാണ്.
എംടിക്ക് നിളാ നദിയെന്നപോലെ പുതൂർ സാഹിത്യം ഗുരുവായൂർ
ക്ഷേത്രത്തെയും ജീവിത
പരിസരത്തെയും ചുറ്റിപ്പറ്റിയുള്ളതാണ്.
എംടി _കൂടല്ലൂരിന്റെയും_
കോവിലൻ കണ്ടാണശ്ശേരിയുടെയും
നന്തനാർ തിരുമാന്ധാംകുന്നിന്റെയും
കഥാകാരനാണെങ്കിൽ
പുതൂർ ഗുരുവായൂരിന്റെയും
കഥാകാരനാണ്.
32 വർഷക്കാലം
ഗുരുവായൂർ ദേവസ്വം ഓഫീസിലെ വിവിധ തസ്തികകളിൽ ജോലി ചെയ്ത പുതൂരിന്
ക്ഷേത്ര ഭരണാധികാരികളുടെ
അഴിമതികൾ, അധാർമിക പ്രവർത്തനങ്ങൾ,
നെറികേടുകൾ എല്ലാം
നേരിട്ടറിയാൻ കഴിഞ്ഞിരുന്നു.
മാനവിക മൂല്യങ്ങളുടെ
കാവൽക്കാരാകേണ്ട
ഗുരുവായൂർ ദേവസ്വം
മാനവികതയെയും
ആധ്യാത്മികതയെയും
കൊലചെയ്യുന്ന
ഉദ്യോഗദുഷ്പ്രഭുത്വത്തിന്റെ
രാവണൻ കോട്ടകളായി മാറുന്നതിനെതിരായ
സർഗപരമായ ഒരു
ഒറ്റയാൾപ്പോരാട്ടമാണ്
പുതൂരിന്റെ _"ബലിക്കല്ല്."_
അധികാരിവർഗത്തിന്റെ
ഉറക്കം കെടുത്തിയ
ഈ കൃതിയെഴുതിയ
ഗ്രന്ഥകർത്താവിന്
പാരിതോഷികങ്ങൾക്ക് പകരം
വിവരിക്കാനാകാത്ത പീഡനങ്ങളും
നീതി നിഷേധങ്ങളും
അഗ്നിപരീക്ഷകളും
അനുഭവിക്കേണ്ടി വന്നു.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ
ആത്മാംശം കലർത്തിയെഴുതാനുള്ള പുതൂരിന്റെ രചനാ വൈഭവത്തിന്റെ
മറ്റൊരു തെളിവാണ്
_"നാഴികമണി."_
ഗുരുവായൂർ ക്ഷേത്രത്തിലെ
ചടങ്ങുകളെയും അനുഷ്ഠാനങ്ങളെയും
വാകച്ചാർത്ത് മുതൽ
തൃപ്പുകവരെയുള്ള പൂജാദികർമ്മങ്ങളെയും ക്ഷേത്രത്തിന്റെ ചരിത്രത്തെയും വിശദമായി
ഇതിൽ പ്രതിപാദിക്കുന്നു.
നാഴികമണിയിലെ
_രാമകൃഷ്ണപ്പണിക്കർ_
പുതൂരിന്റെ നിഴൽ തന്നെയാണ്.

പുരുഷന്റെയും സ്ത്രീയുടെയും
ഏറ്റവും വലിയ ധർമ്മസങ്കടങ്ങളിലൊന്നാണ്
കാമം. കാമപ്രേരിതമായ
ആത്മാക്കളുടെ അനന്തമായ
അസ്വാസ്ഥ്യത്തിന്റെ പ്രതീകമാണ് *ആനപ്പക.*
ഗുരുവായൂർ
ദേവസ്വത്തിൽ _കെഎസ്സ്ആർ_
നടപ്പിലാക്കുന്നതിന് വേണ്ടി
രണ്ട് പതിറ്റാണ്ട് നിരന്തരമായി
പോരാടുകയും കോടതികൾ
കയറിയിറങ്ങുകയും ചെയ്തു
ആനക്കാരെ സംഘടിപ്പിച്ച കാലത്തെ അനുഭവങ്ങളുടെ
പശ്ചാത്തലത്തിൽ,
വിസ്തൃതമായ ക്യാൻവാസിൽ
രചിക്കപ്പെട്ടതാണ്
ആനപ്പക.
മഹത്തായ ഈ നോവലിലെ കഥാപാത്രങ്ങൾ വായനക്കാരുടെ സിരകളിൽ പടർണ് കയറാൻ പറ്റിയവയാണ്.
കാഞ്ചനവും കാമിനിയും മനുഷ്യനെ എന്നെന്നും വലച്ചിട്ടുണ്ട്.
ദരിദ്രമായ ചുറ്റുപാടിലെ കാമം വികൃതം കൂടെയാണ്.
കാമപ്രേരിതമായ ആത്മാക്കളുടെ അനന്തമായ അസ്വാസ്ഥ്യത്തിലെ സിംബലാണ് ആനപ്പക.
നെറ്റി ചുളിക്കാതെ വായിച്ച്
പോകാവുന്ന നോവലല്ല
ആനപ്പക. ആനച്ചോറ്
കൊലച്ചോറ് എന്ന ഭീതികരമായ സങ്കല്പത്തിന്റെ
പ്രതീകമാണ് "അമ്മുണ്ണി നായർ."
സ്മാർത്തവിചാരത്തെ
അടിസ്ഥാനമാക്കിയെഴുതിയ
*അമൃതമഥനവും*
പുതൂരിന്റെ എപ്പിക്കാണ്.

പുതൂരിന്റെ സാഹിത്യജീവിതത്തിലെ
ഏറ്റവും വ്യത്യസ്തവും
സവിശേഷവുമായ കൃതിയാണ് *ധർമചക്രം,*
ജൈനേതിഹാസത്തെ കേന്ദ്രീകരിച്ച് മലയാള നോവൽ സാഹിത്യത്തിലെ
ആദ്യ ചുവട് വയ്പാണിത്.
ആദിമ തീർത്ഥ ശങ്കരനായ
ഋഷഭനെ കേന്ദ്രീകരിച്ച് കൊണ്ടുള്ള ഈ കൃതിയുടെ
രചനയ്ക്കായി നീണ്ട പത്ത്
കൊല്ലം യാത്ര ചെയ്തും
ഗവേഷണത്തിലേർപ്പെട്ടും
മുഴുമിച്ചതാണീ കൃതി.
പുതൂരിന്റെ ആത്മമിത്രമായ
ശ്രീ _എംപി വീരേന്ദ്രകുമാറിന്റെ_ നിരന്തരമായ പ്രേരണ കൂടിയുണ്ട് ഈ കൃതിയുടെ
രചനയുടെ പിറകിൽ.

_ഗുരുവായൂരപ്പന് കുന്നിക്കുരു മാല_ കൊരുത്ത
കഥാകാരൻ,
2014 ഏപ്രിൽ 2 ന്
മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലിരിക്കെ
സാഹിത്യലോകത്ത്
നിന്ന് മറഞ്ഞു.
ഭാര്യ തങ്കമണി
മക്കൾ ഷാജുവും ബിജുവും.
അദ്ദേഹത്തിന്റെ
*നക്ഷത്രക്കുഞ്ഞ്*
എന്ന ലഘുകഥ വായിക്കുമ്പോഴാണ്
അദ്ദേഹത്തിന് ആദ്യമായി പിറന്ന ഒരു പെൺമണി
പനി വന്ന് എട്ടാം മാസത്തിൽ
കണ്ണടച്ച ദുരന്ത കഥ
നാമറിയുന്നത്.
പുതൂർ എന്നും പറയുന്നതും
അതുതന്നെ.
"സാഹിത്യരചന ആത്മസംഘർഷങ്ങളുടെ
നെരിപ്പോട്ടിൽ നിന്നാണ്
ഉടലെടുക്കുന്നത്."
ഗുരുവായൂരിലെ
വസതിയായ ജാനകിസദനത്തിന്റെ
പൂമുഖത്തുള്ള മേശപ്പുറത്ത്
_ഡിസി ബുക്സ്_ പ്രസിദ്ധീകരിച്ച
ചുവന്ന പുറംചട്ടയുള്ള
*ബഷീർ കൃതികൾ*
(രണ്ട് വോള്യങ്ങൾ) ഇന്നും
പൊടിതട്ടി സാനന്ദരൂപം
പോലെ കാത്ത് സൂക്ഷിക്കുന്നതും
മറ്റൊന്നിനുമല്ല.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള