Apr_10_1999/ തകഴി ശിവശങ്കരപിള്ള

*ഭാവി ചരിത്രം തിരുത്തിയെഴുതും*
*ഭാരതയുദ്ധഭൂവിൽ*
*ഇടയൻ തെളിച്ചൊരു* *ചൈതന്യ ചക്രരഥം*
*ഉടഞ്ഞ് വീഴുന്നു.*
*മണ്ണിൽ തകർന്ന് വീഴുന്നു.*

അനശ്വര നടനായ
*സത്യന്റെ* അവസാന ചിത്രങ്ങളിലൊന്ന്.
1971 ൽ തിയേറ്ററുകളിലെത്തിയ
*അനുഭവങ്ങൾ പാളിച്ചകൾ.*
വിപ്ലവ സ്വപ്നങ്ങൾ
നെഞ്ചിൽ പേറിയ
ഒരു തലമുറയുടെ തകരുന്ന
സ്വപ്നങ്ങളുടെ കഥയാണ്
*തകഴി ശിവശങ്കരപ്പിള്ള*
ആ നോവലിലൂടെ
തുറന്ന് കാട്ടിയത്.
സത്യന്റെ തൊഴിലാളി നേതാവ്
_സഖാവ് ചെല്ലപ്പൻ_
മൃത്യുവിന്റെ ഗുഹാന്തരങ്ങളിൽ
അഗ്നിപുഷ്‌പങ്ങൾ  സൃഷ്ടിച്ച്
മറഞ്ഞതും
വേദനയോടെയേ ഓർക്കാനാകൂ.
കലാകാരന്റെ അന്ത്യരംഗങ്ങൾ
പകർത്തിയ
ദൃശ്യങ്ങളും ചിത്രം തുടങ്ങുന്നതിന് മുമ്പ്
സിനിമാശാലകളിൽ
കാണിച്ചിരുന്നു.

കുട്ടനാടിന്റെ കഥകളാണ് തകഴി പറഞ്ഞത് പറഞ്ഞുപറഞ്ഞ് മലയാളസാഹിത്യത്തെ
വിശ്വപ്രശസ്തിയിലേക്ക് കൊണ്ടുപോയി അദ്ദേഹം. സാധാരണ മനുഷ്യന്റെയും മണ്ണും മനുഷ്യനും തമ്മിലുള്ള
ഗാഢബന്ധത്തിന്റെയും കഥകൾ പറഞ്ഞാണ്
_തകഴി ശിവശങ്കരപ്പിള്ള_ മലയാള സാഹിത്യത്തിൽ
ഒരു സാമ്രാജ്യം സ്ഥാപിച്ചത്.
*ചെമ്മീൻ* എന്ന നോവലിന് നൽകിയ സ്വീകരണം മതി മലയാളികൾ സ്വന്തം ഹൃദയത്തിൽ തകഴിക്ക് നൽകിയ ഇടം മനസ്സിലാക്കാൻ. സമൂഹത്തിലെ ചുട്ടുനീറുന്ന യാഥാർത്ഥ്യങ്ങൾ കണ്ണാടിയിലെന്നപോലെ
പകർത്തിയ തകഴി,
കുലീനകഥാപാത്രങ്ങൾ വിഹരിച്ചിരുന്ന സാഹിത്യത്തിൽ സാധാരണക്കാരെയും കർഷകത്തൊഴിലാളികളെയും കൃഷിവലന്മാരെയും മുക്കുവരെയും തോട്ടികളെയും കൂട്ടിക്കൊണ്ടുവന്നു.
അവരുടെ ഉയർച്ചയുടെയും ഉയിരിന്റെയും കഥകൾ പറഞ്ഞ് യാഥാർത്ഥ്യം
അഥവാ റിയലിസം എന്ന
സാഹിത്യപ്രവണതയ്ക്ക്
മലയാളത്തിൽ ബലിഷ്ഠമായ അടിമണ്ണൊരുക്കി.
*കയർ* എന്ന നോവലിൽ എത്തിയപ്പോഴേക്കും
അദ്ദേഹം കുട്ടനാടിന്റെ ഇതിഹാസകാരനായി മാറിക്കഴിഞ്ഞിരുന്നു. കേരളത്തിലെ
ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിലൊരാളും.

*ആലപ്പുഴ* ജില്ലയിലെ
തകഴിഗ്രാമത്തിൽ _പടഹാരം_ മുറിയിൽ അരിപ്പുറത്ത് വീട്ടിൽ 1912 ഏപ്രിൽ 17 ന് ശിവശങ്കരപ്പിള്ള ജനിച്ചു.
പോയ്പള്ളിക്കളത്തിൽ  _ശങ്കരക്കുറുപ്പും_ അരിപ്പുറത്തെ _പാർവതിയമ്മയുമായിരുന്നു_ അച്ഛനമ്മമാർ.
അച്ഛന്റെ അനിയനായിരുന്നു
വിഖ്യാത കഥകളി നടൻ
*ഗുരു കുഞ്ചുക്കുറുപ്പ്.*
കഥകളിയും തുള്ളലും പഠിച്ച കലാകാരൻ കൂടിയായ അച്ഛൻ ശങ്കരക്കുറുപ്പ്, കൃഷിക്കാരൻ കൂടിയായിരുന്നു. പാടത്തെ
പണിക്കാരായ പുലയ സമുദായാംഗങ്ങളുമായി ശങ്കരക്കുറുപ്പ് വലിയ സ്നേഹബന്ധം പുലർത്തി. ഈ രണ്ട് പൈതൃകങ്ങളും ശിവശങ്കരപ്പിള്ളയുടെ
കൃതികളിൽ സമന്വയിക്കപ്പെട്ടു.
തകഴി ശിവശങ്കരപ്പിള്ള
എന്ന എഴുത്തുകാരനെ അറിയണമെങ്കിൽ നാം കുട്ടനാടിനെ കൂടി അറിയണം.

ആലപ്പുഴ ജില്ലയിലെ വിശാലമായ ഭൂപ്രദേശമാണ് കുട്ടനാട്.
വേമ്പനാട്ടുകായലിൽ വീഴുന്ന *പമ്പ മണിമല* എന്നീ നദികളുടെ ഡെൽറ്റ പ്രദേശത്ത് വെള്ളക്കെട്ടായിക്കിടക്കുന്ന ഭൂവിഭാഗമാണത്.
എങ്ങും നിറഞ്ഞ വയലുകളും വെള്ളവുമായി കിടക്കുന്ന കുട്ടനാടിനെ കേരളത്തിന്റെ *നെല്ലറ* എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കുട്ടനാടിന്റെ ഒരു ഭാഗമാണ്
തകഴി ഗ്രാമം. വെള്ളപ്പൊക്കങ്ങൾ
കുട്ടനാടിന്റെ ഭാഗമായിരുന്നു. അതുപോലെതന്നെ വള്ളംകളിയും.
വള്ളമായിരുന്നു ഒരു കാലത്ത്
ഏക ഗതാഗതമാർഗം.
ഇന്ന് അതല്ല സ്ഥിതി. തകഴിയിൽ
ഒരു റെയിൽവേ സ്റ്റേഷൻ തന്നെയുണ്ട്. പണ്ട് കാർഷിക
ജന്മിത്തമാണ് കുട്ടനാട്ടിൽ നിലവിലിരുന്നത്. പിന്നീട് കേരളത്തിലെമ്പാടുമുണ്ടായ പരിവർത്തനങ്ങൾ കുട്ടനാട്ടിലും ദൃശ്യമായി.
ആ കാർഷിക ഭൂതകാലവും
പരിവർത്തനങ്ങളും അതിനിടയിലെ  മനുഷ്യജീവിതവും മണ്ണുമായുള്ള ബന്ധവുമാണ്
തകഴിയുടെ നോവലുകളിലും ചെറുകഥകളിലും ആവിഷ്കരിക്കപ്പെട്ടത്.

തകഴിയിലായിരുന്നു ശിവശങ്കരപ്പിള്ളയുടെ പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് _അമ്പലപ്പുഴ_ _വൈക്കം_ _കരുവാറ്റ_ എന്നിവിടങ്ങളിലായി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കരുവാറ്റ എൻഎസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന നാടകകൃത്ത് *കൈനിക്കര കുമാരപിള്ളയാണ്*
തകഴിയുടെ കഥയെഴുത്തിന് പ്രോത്സാഹനം നൽകിയത്.
ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ 1929 ൽ സർവീസ് മാസികയിൽ തകഴിയുടെ ആദ്യത്തെ കഥ *സാധുക്കൾ* പ്രസിദ്ധീകരിച്ചു.
വയലുകളും കൃഷിപ്പണിയും
സാമൂഹിക പ്രശ്നങ്ങളും
നാടൻ കലാരൂപങ്ങളായ
തുള്ളലും പടയണിയുമെല്ലാം
തകഴിയുടെ ഭാവനയെ
പ്രചോദിപ്പിച്ചു.
ഹൈസ്കൂൾ പഠനം കഴിഞ്ഞ്
രണ്ട് വർഷത്തിന് ശേഷം
തകഴി തിരുവനന്തപുരം
ലോ കോളേജിൽ
പ്ലീഡർഷിപ്പ് പരീക്ഷയ്ക്ക് ചേർന്നു.
തിരുവനന്തപുരത്തെ ജീവിതം ആ യുവാവിന് മുന്നിൽ സാഹിത്യത്തിന്റെ കവാടം തുറന്നിട്ടു. *കേസരി* പത്രാധിപരും ബുദ്ധിജീവിയുമായ
*എ ബാലകൃഷ്ണപിള്ളയുടെ*
സദസ്സിലാണ് തകഴി എത്തിച്ചേർന്നത്.
ലോകസാഹിത്യത്തിലെ പരിവർത്തനങ്ങൾ
മലയാളിക്ക് പരിചയപ്പെടുത്തിയ
കേസരി ബാലകൃഷ്ണപിള്ള തകഴിയെ ആധുനിക യൂറോപ്യൻ സാഹിത്യത്തിലേക്ക് നയിച്ചു.
*മോപ്പസാങ്,* *എമിലി സോള,* *ചെക്കോവ്,*
*ടോൾസ്റ്റോയ്,* *വിക്തോർ യൂഗോ* തുടങ്ങിയ പ്രതിഭാശാലികളുടെ രചനകൾ
തകഴി വായിച്ചു.
*ഫ്രോയിഡിന്റെ* മാനസികാപഗ്രഥനവും
*ബർട്രൻഡ് റസ്സലിന്റെ*
തത്വചിന്തയും കേസരി
പരിചയപ്പെടുത്തി.
തകഴിയുടെ സാഹിത്യ ജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് നയിക്കുകയും ചെയ്തു.

ലോകത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ സംഭവബഹുലമായ ഒരു കാലഘട്ടമായിരുന്നു
1930 കൾ.
ലോകമെങ്ങും പടർന്നുപിടിച്ച സാമ്പത്തികമാന്ദ്യവും തൊഴിലാളി പ്രസ്ഥാന പ്രസ്ഥാനങ്ങളുടെ ആവിർഭാവവും
ദേശീയസ്വാതന്ത്ര്യസമരവും ആ കാലത്തെ ഇളക്കിമറിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ്
സാഹിത്യത്തിന്റെ ലക്ഷ്യം എന്ന വിശ്വാസം എഴുത്തുകാർക്കിടയിൽ ഉറച്ചു. അതിന്റെ അടിസ്ഥാനത്തിൽ പുരോഗമനസാഹിത്യപ്രസ്ഥാനം നാമ്പെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് പുതിയൊരു വെളിച്ചവുമായി മടങ്ങിയെത്തിയ ശിവശങ്കരപ്പിള്ള അമ്പലപ്പുഴ മുൻസിഫ് കോടതിയിലു മജിസ്ട്രേറ്റ് കോടതിയിലും പ്ലീഡറായി പ്രവർത്തിക്കാൻ തുടങ്ങി. 20 വർഷത്തോളം അദ്ദേഹം ആ തൊഴിൽ തുടർന്നു.
1934 ൽ അദ്ദേഹം നെടുമുടിയിലെ
ചെമ്പകശ്ശേരിചിറയിൽ കമലാക്ഷിയമ്മയെ വിവാഹം കഴിച്ചു. ശങ്കരമംഗലത്ത്
തഴിയുടെ സഹോദരിയുടെ പേരും കമലാക്ഷിയമ്മ ആയിരുന്നതുകൊണ്ടാണ്
പ്രിയപത്നിയെ *കാത്ത* എന്ന് സ്നേഹപൂർവ്വം തകഴി വിളിച്ച് തുടങ്ങിയത്. കാത്തയുടെ
അമ്മാവൻ, തകഴിയുടെ
സഹോദരി ഭർത്താവെന്ന
ബന്ധവുമുണ്ട്.

തകഴിയുടെ ആദ്യ നോവൽ
*ത്യാഗത്തിന് പ്രതിഫലം*
1954 ൽ പ്രസിദ്ധീകരിച്ചു.
അടുത്ത വർഷം രണ്ടാമത്തെ
നോവലായ *പതിത പങ്കജവും.*
ദരിദ്രസ്തീകളുടെ ജീവിതം
പച്ചയായി ചിത്രീകരിച്ച
ഈ കൃതികൾ വായനക്കാരെ
മാത്രമല്ല സാഹിത്യകാരന്മാരെയും
ഞെട്ടിച്ചു. അശ്ലീലമെന്നുവരെ
ആ നോവലുകൾ
മുദ്രകുത്തപ്പെട്ടു.
1936 ൽ *പുതുമലർ* എന്ന
ആദ്യത്തെ കഥാസമാഹാരവും
പുറത്ത് വന്നു.
*വെള്ളപ്പൊക്കത്തിൽ*
എന്ന പ്രശസ്തമായ കഥ
ഈ സമാഹാരത്തിലെയാണ്.
വെള്ളപ്പൊക്കം വന്നപ്പോൾ
യജമാനൻ ഉപേക്ഷിച്ച്‌ പോയ
ഒരു പട്ടിയുടെ കഥയാണത്.
മലയാളത്തിലെ ഏറ്റവും
മികച്ച കഥകളിലൊന്നായി
കണക്കാക്കപ്പെടുന്നു
"വെള്ളപ്പൊക്കത്തിൽ."
തിരുവിതാംകൂറിൽ
ഉത്തരവാദഭരണ പ്രക്ഷോഭവും *കമ്യൂണിസ്റ്റ്*
പ്രസ്ഥാനവും
തൊഴിലാളിസമരങ്ങളും
വ്യാപിച്ച 1940 കളിൽ
തകഴിയുടെ കഥകളും
നോവലുകളും രാഷ്ടീയബോധം കൊണ്ട്
ജ്വലിക്കുന്നവയായി.
_അടിയൊഴുക്കുകൾ,_
_ചങ്ങാതികൾ,_ _മകളുടെ മകൻ,_ _നിത്യകന്യക,_
_പതിവ്രത,_ _പ്രതീക്ഷകൾ,_
_തകഴിയുടെ കഥകൾ,_
തുടങ്ങിയ കഥാസമാഹാരങ്ങളും
*തോട്ടിയുടെ മകൻ,*
*രണ്ടിടങ്ങഴി,* *തലയോട്,*
*തെണ്ടിവർഗം* എന്നീ
നോവലുകളും
ഈ ഘട്ടത്തിന്റെ സൃഷ്ടികളാണ്.
ആലപ്പുഴയിലെ അസംഘടിതരായ തോട്ടിത്തൊഴിലാളികളുടെ
ദാരുണമായ ജീവിതം
മുൻനിറുത്തിയെഴുതിയ
"തോട്ടിയുടെ മകൻ"
മലയാളത്തിൽ ഒരു
ഞെട്ടൽ തന്നെ സൃഷ്ടിച്ചു.
രാഷ്ട്രീയധികാരം
പിടിച്ചെടുത്താൽ മാത്രമേ
ദരിദ്ര ജനവിഭാഗങ്ങൾ
രക്ഷപ്പെട്ടൂ എന്ന വിശ്വാസം
ഈ നോവലിൽ നിറഞ്ഞ്
നില്ക്കുന്നു.
_തോട്ടിയുടെ മകൻ_ മലയാളത്തിലെ യഥാതഥ  പ്രസ്ഥാനത്തിന്റെ കൊടിപ്പടമായി.
*പി കേശവദേവ്,*
*വൈക്കം മുഹമ്മദ് ബഷീർ,* *പൊൻകുന്നം വർക്കി* എന്നിവർക്കൊപ്പം തകഴിയും ചേർന്ന്
മലയാള സാഹിത്യത്തിൽ പുതിയൊരു തരംഗം സൃഷ്ടിച്ചു, _മാർക്സിസത്തിന്റെ_ സ്വാധീനത്തിലാണ്  _തോട്ടിയുടെ മകനും_ _രണ്ടിടങ്ങഴിയും_ _തലയോടും_ _തെണ്ടിവർഗവും_ തകഴി എഴുതിയത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാർട്ടി എന്നിവയുമായി തകഴിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
തൊഴിലാളി പ്രസ്ഥാനത്തോടും അദ്ദേഹം അനുഭാവം പുലർത്തി.
1946 ൽ *വയലാർ*
ഗ്രാമത്തിലുണ്ടായ
തൊഴിലാളി വിപ്ലവത്തിന്റെ
അനന്തരഫലങ്ങളുടെ
നാടകീയാവിഷ്കാരമാണ്
"തലയോട്."
നോവലിസ്റ്റെന്ന നിലയിൽ
തകഴിയുടെ വളർച്ച
വ്യക്തമാക്കുന്ന കൃതിയാണ്
"തോട്ടിയുടെ മകൻ."
ആദ്യനോവലുകളിലെ
പാകപ്പിഴകൾ പരിഹരിച്ച്
മികച്ച ആഖ്യാനവും
കഥാസംഘാടനവും വഴി
റിയലിസത്തിന് ഈ
നോവലിലൂടെ അദ്ദേഹം
അടിത്തറ പാകി.
"രണ്ടിടങ്ങഴി" കുറേക്കൂടി
മുന്നോട്ട് പോയി. കുട്ടനാടൻ
തൊഴിലാളികളുടെ
പ്രശ്നങ്ങളാണ്
_രണ്ടിടങ്ങഴി_ അവതരിപ്പിച്ചത്.
1958 ൽ നീലായ്ക്ക് വേണ്ടി
*പി സുബ്രമണ്യം* രണ്ടിടങ്ങഴി ചലച്ചിത്രമാക്കി.
*കുമാരി* എന്ന അഭിനേത്രിയാണ്
ചിരുതയുടെ വേഷമണിഞ്ഞത്

*ചാകര കടപ്പുറത്തിനി ഉത്സവമായ് ഹേയ് ചാകര.*
*തെരപ്പുറത്തിനി മത്സരമായ്,*


1956 ൽ _ചെമ്മീൻ_  പുറത്തുവന്നു. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ കഥകളിലൊന്നായ _ചെമ്മീൻ,_ തകഴിയെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർത്തി. ആലപ്പുഴയ്ക്ക് തെക്കുള്ള *നീർക്കുന്നം*
കടപ്പുറത്തെ ഒരു മുക്കുവകുടുംബത്തിന്റെ ധാർമികവും ഭൗതികവുമായ
ദുരന്തത്തിന്റെ കഥയാണ് ചെമ്മീനിൽ തകഴി പറഞ്ഞത്.
അതിമോഹിയായ _ചെമ്പൻകുഞ്ഞ്,_ ഭാര്യ, _ചക്കി,_ പെൺമക്കളായ _കറുത്തമ്മ,_
_പഞ്ചമി_
 കറുത്തമ്മയുടെ കാമുകൻ _പരീക്കുട്ടി_ പിന്നീട് അവളെ വിവാഹം കഴിച്ച _പളനി_ എന്നിവരാണ് ചെമ്മീനിലെ കഥാപാത്രങ്ങൾ.
സ്വന്തമായി വള്ളവും
വലയും വാങ്ങാനായി
ചെമ്പൻകുഞ്ഞിന് മുസ്ലിം കച്ചവടക്കാരനായ പരീക്കുട്ടി പണം കടം കൊടുത്തു.
പണം സമ്പാദിക്കാൻ തുടങ്ങിയ ചെമ്പൻകുഞ്ഞ് കൂടുതൽ ദുരാഗ്രഹിയും മനുഷ്യത്വമില്ലാത്തവനുമായി മാറി. ചാകരക്കാലത്ത് ധാരാളം മീൻ കിട്ടി ചെമ്പൻകുഞ്ഞ് പണക്കാരനായെങ്കിലും കടംവീട്ടാൻ തയ്യാറായില്ല. പരീക്കുട്ടി കച്ചവട തകർച്ചയിലേക്ക് നീങ്ങി. അയാളുമായുള്ള ഇഷ്ടം വകവയ്ക്കാതെ ചെമ്പൻകുഞ്ഞ് അവളുടെ വിവാഹം നിശ്ചയിച്ചു. ആരോരുമില്ലാത്ത പളനിയെന്ന അധ്വാനിയായ
മുക്കുവനായിരുന്നു വരൻ. വിവാഹം കഴിഞ്ഞ് പളനി കറുത്തമ്മയെ *തൃക്കുന്നപ്പുഴയ്ക്ക്* കൊണ്ടുപോയി.
അവളുടെ സൗന്ദര്യത്തിൽ അസൂയാലുക്കളായ അയൽക്കാർ പരദൂഷണം പ്രചരിപ്പിച്ചു. ഈ സമയത്ത് കറുത്തമ്മയുടെ അമ്മ ചക്കി മരിച്ചു. മരണവാർത്ത അറിയിക്കാൻ വന്നത് പൂർവ്വ കാമുകനായ പരീക്കുട്ടിയാണ്. അയൽക്കാരുടെ പരദൂഷണങ്ങൾ പളനിയിൽ ഭാര്യയെക്കുറിച്ച് സംശയങ്ങൾ സൃഷ്ടിച്ചു. പണക്കാരനായ ചെമ്പൻകുഞ്ഞ് ആഡംബര പ്രിയയായ _പാപ്പിക്കുഞ്ഞ്_ എന്ന വിധവയെ വിവാഹം കഴിച്ചു. ചെമ്പൻകുഞ്ഞിന്
കടം കൊടുത്തു മുടിഞ്ഞ് പരീക്കുട്ടിയുടെ കച്ചവടം തകർന്നു. ആർത്തി മൂത്ത് ചെമ്പൻകുഞ്ഞ് മാനസികനില തെറ്റിയമട്ടിൽ കടപ്പുറത്ത് അലഞ്ഞ് തിരിയുന്നത് പതിവായി.
പ്രസവിച്ച് കിടക്കുന്ന കറുത്തമ്മയും സന്ദർശനത്തിനെത്തിയ അനിയത്തി പഞ്ചമിയും പരീക്കുട്ടിയെപ്പറ്റി പറയുന്നത് പളനി കേൾക്കാനിടയായി. അസ്വസ്ഥമായ മനസ്സുമായി അയാൾ കടലിലേക്ക് പോയി. ഒരു കൂറ്റൻ സ്രാവിനെ അയാൾ പിടികൂടി.
അത് വള്ളം
മറിക്കുകയും പളനി
മുങ്ങി മരിക്കുകയും ചെയ്തു.
അന്ന് രാത്രി തന്നെ കറുത്തമ്മയെ
കാണാനായി പരീക്കുട്ടി തൃക്കുന്നപ്പുഴയിലെത്തി. രണ്ടുദിവസം കഴിഞ്ഞ് അവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു കയറി.

പ്രണയ ഭാഷ്യങ്ങൾക്ക് കടലോളം ആഴവും തിരയോളം സൗന്ദര്യവും നല്കിയ ചെമ്മീൻ കോട്ടയത്തെ ഒരു ലോഡ്ജിലിരുന്ന് എട്ട് ദിവസത്തെ അധ്വാനം കൊണ്ടാണ് എഴുതി പൂർത്തിയാക്കിയതെന്ന അതിശയകരമായ കാര്യങ്ങൾ
*ഡിസി കിഴക്കേമുറി*
പറഞ്ഞിട്ടുള്ളത് കേൾക്കേണ്ടതാണ്.

"1956 ഫെബ്രുവരിയിലെ
ഒരു ദിവസം തകഴി ശിവശങ്കരപ്പിളള കോട്ടയത്ത് വന്നു.
ശാന്തമായിരുന്ന് എഴുതാൻ പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ച് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
മത്തായിക്കുട്ടിയുടെ ബോട്ട് ഹൗസ് കഫെ ഏർപ്പെടുത്തിക്കൊടുത്തു. ചെമ്മീനിന്റെ മിനുക്ക് പണിയാണ് കോട്ടയത്ത് വച്ച് നടത്തുന്നതെന്ന് ഞാൻ കരുതി. സത്യം പറയട്ടെ അവിടെയിരുന്നാണ്
നോവലിന്റെ അധികഭാഗവും എഴുതിയത്. ഒരു ദിവസം വൈകിട്ട്
കളരിക്കൽ ബസാറിലെ
എൻബിഎസിലെത്തിയത് കൈയെഴുത്ത് പ്രതിയുമായിട്ടാണ്."
പുസ്തകസ്റ്റാൾ മാനേജരായിരുന്നു അന്ന്
ഡിസി.
ചെമ്മീനിന്റെ കഥയും കഥാപാത്രങ്ങളും വർഷങ്ങളായി തകഴിയുടെ
ഹൃദയത്തിൽ കഥയായി പുറത്ത് വരാൻ വെമ്പൽ കൊള്ളുകയായിരുന്നു
എന്നാണ് പൊതുവേയുള്ള
അഭിപ്രായം.
എന്നാൽ നോവൽ പിറവിയെടുത്തതിന്
ചിലർ വേറൊരഭിപ്രായം
വർഷങ്ങൾക്ക് മുമ്പ്
കേട്ടിട്ടുണ്ടായിരുന്നു.

"ഏനച്ചേം വള്ളോം വലേം മേടിക്കാനെക്കൊണ്ട്
പോവുകാണല്ലേ?"
ഇങ്ങിനെയാണ് തകഴി
എഴുതിത്തുടങ്ങിയത്.
അന്നന്ന് എഴുതുന്ന ഭാഗങ്ങൾ
വായിച്ച് നോക്കാനും
ഒരാളെത്തുമായിരുന്നു.
*സിജെ തോമസ്.*
അക്കാലത്ത് സിജെ
_സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ_ കവർ ഡിസൈനറായിരുന്നു.
ചെമ്മീൻ ഇംഗ്ലീഷിലേക്ക് രണ്ട് തവണ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
1962 ൽ
*വികെ നാരായണമേനോനും*
2011 ൽ ശ്രീമതി _അനിത, മുണ്ടക്കോട്ടുകുറുശ്ശി_ എന്ന നോവലിസ്റ്റും.
നാലുവർഷം കൊണ്ടാണ് അനിത ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്.
തമിഴിൽ *സുന്ദരരാമസ്വാമിയാണ്*
1962 ൽ പരിഭാഷ ചെയ്തത്.
എന്നാൽ ആദ്യമായൊരു
ഭാഷയിൽ വിവർത്തനമുണ്ടായത്
*ചെക്ക്* ഭാഷയിലാണ്.

_ചെമ്മീൻ_ എന്ന ദുരന്തകഥ കേരളീയ വായനക്കാരെ പിടിച്ചുലച്ചു. *രാമുകാര്യാട്ട്* അതിനു നൽകിയ  ചലച്ചിത്രാവിഷ്കാരം എന്നത്തേയും
പ്രിയപ്പെട്ട മലയാള സിനിമകളിലൊന്നായി മാറി.
1965 ലാണ് _കണ്മണി ഫിലിംസിന്_ വേണ്ടി
*ബാബുസേഠ്*  ചിത്രം നിർമ്മിച്ചത്.
പരീക്കുട്ടിയും കറുത്തമ്മയും പഞ്ചമിയും കറുത്തമ്മയുടെ മകളും തുറയിലരയന്റെ മകനും മാത്രമേ പ്രധാന പാത്രങ്ങളിൽ ഇന്ന് ജീവിച്ചിരിപ്പുള്ളൂ.
പ്രസിഡണ്ടിന്റെ ആദ്യ സ്വർണമെഡൽ ചിത്രവും
ചെമ്മീനാണ് കരസ്ഥമാക്കിയത്.

*ഔസേപ്പിന്റെ മക്കൾ,* *അഞ്ച് പെണ്ണുങ്ങൾ* *ജീവിതം സുന്ദരമാണ്-- പക്ഷേ,* *ഏണിപ്പടികൾ* എന്നിവയാണ് തകഴി തുടർന്ന്
രചിച്ച നോവലുകൾ.
ഇവയിൽ _ഏണിപ്പടികൾ_
കലാമേന്മകൊണ്ട് ഉയർന്ന് നിൽക്കുന്നു. _കേശവപിള്ള_ എന്ന ഉദ്യോഗസ്ഥൻ മനസ്സാക്ഷിക്കുത്ത് കൂടാതെ ഭൗതികവിജയത്തിനായി ശ്രമിച്ച് അധികാരവും സ്വാധീനവും നേടി സംസ്ഥാന ചീഫ് സെക്രട്ടറിയായി ഉയരുന്നതാണ് ഏണിപ്പടികളുടെ പ്രമേയം.
നോവൽ *മാതൃഭൂമിയിലാണ്*
പരമ്പരയായി പ്രസിദ്ധീകരിച്ച് വന്നതാണ്. നോവലിലെ കാർത്ത്യായനി എന്ന കഥാപാത്രം തകഴിയുടെ കാത്ത തന്നെയാണെന്നും
കാണിച്ച് *കുറ്റിപ്പുഴ,* പത്രാധിപർക്ക് കത്തെഴുതിയതും പ്രസ്തുത
വിവരമറിഞ്ഞ് "എന്നെക്കുറിച്ചും കഥകളെഴുതിത്തുടങ്ങിയോ?"
എന്ന് തകഴിച്ചേട്ടനോട് ചോദിച്ചതും പിന്നീടൊരിക്കൽ
അവർ പറഞ്ഞിരുന്നു.
തുടർന്നും നിരവധി നോവലുകൾ തകഴി എഴുതിയെങ്കിലും അവയ്ക്ക് വേണ്ടത്ര സാഹിത്യമേന്മ അവകാശപ്പെടാനില്ല. _ധർമ്മനീതിയോ? അല്ല, ജീവിതം!_ _പാപ്പിയമ്മയും മക്കളും,_ _ചുക്ക്,_
_നുരയും പതയും_
_പുന്നപ്ര-വയലാറിന് ശേഷം_ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.

തകഴിയുടെ ഏറ്റവും
മികച്ച നോവലായി കണക്കാക്കപ്പെടുന്ന *കയർ* 1978 ൽ പ്രസിദ്ധീകരിച്ചു.
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ രണ്ട് നൂറ്റാണ്ടിന്റെ കഥ പറയുകയാണ് _കയറിൽ_ അദ്ദേഹം. നൂറ് കണക്കിന് കഥാപാത്രങ്ങളും നിരവധി കുടുംബങ്ങളും അവയുടെ ഉയർച്ചതാഴ്ചകളും സാമൂഹികമാറ്റവും എല്ലാം
ഈ ബൃഹദാഖ്യയയിൽ
കടന്ന് വരുന്നു.
ഭൂമിയാണ് ഇതിവൃത്തത്തിന്റെ ആധാരം. ഭൂമി അളന്ന് തിട്ടപ്പെടുത്തി കരം നിശ്ചയിക്കാനായി തിരുവനന്തപുരത്തുനിന്ന് *ക്ലാസിഫയർ*(ക്ലാസിപ്പേര്) എന്ന ഉദ്യോഗസ്ഥൻ പതിനെട്ടാംനൂറ്റാണ്ടിന്റെ അന്ത്യത്തിൽ കുട്ടനാട്ടിൽ എത്തുന്ന കാലം മുതൽ
1970 കളിലെ ഭൂവുടമാപരിഷ്കാരം വരെ നീളുന്ന കാലം തകഴി അവതരിപ്പിക്കുന്നു.
നായകനോ നായികയോ ഇല്ലാതെ കഥാപാത്രങ്ങൾ ജീവിച്ച് മരിക്കുന്ന ഒരു മഹാനാടകമായാണ് അദ്ദേഹം കയർ ഒരുക്കിയത്. ഭൂമിക്കുണ്ടാകുന്ന മാറ്റങ്ങളാണ് യഥാർത്ഥത്തിൽ നോവലിലെ പ്രമേയം. കലാകാരനെന്ന നിലയിൽ തകഴിയുടെ വളർച്ചയും മഹത്ത്വവുമെല്ലാം കയർ അവതരിപ്പിക്കുന്നു.
1980 ൽ ഈ ബൃഹത് നോവലിന് _വയലാർ_
അവാർഡ് ലഭിച്ചു.
1989 ൽ ദൂരദർശൻ ദേശീയ ചാനലിൽ കയർ സീരിയലായി
വന്നിരുന്നു.
എംഎസ് സത്യുവാണ് പരമ്പരയൊരുക്കിയത്.

നോവലുകൾക്ക് പുറമേ
20 ചെറുകഥാ സമാഹാരങ്ങളും  *തോറ്റില്ല* എന്ന നാടകവും
*എന്റെ ബാല്യകാലകഥ*, *എന്റെ വക്കീൽ ജീവിതം* എന്നീ ആത്മകഥകളും *അമേരിക്കൻ തിരശ്ശീല* എന്ന യാത്രാവിവരണവും
തകഴി രചിച്ചു.
1990 ൽ എഴുതിയ
*ഒരു എരിഞ്ഞടങ്ങൽ* ആണ് അദ്ദേഹത്തിന്റെ അവസാനത്തെ നോവൽ.
1999 ഏപ്രിൽ 10 ന് ശങ്കരമംഗലത്ത് വീട്ടിൽ
തകഴി അന്തരിച്ചു.
2011 ജൂൺ 1 ന്
തകഴിയെ കാത്ത കാത്തയും
സാഹിത്യനായകന്റെ
അടുത്തേക്ക് യാത്രയായി.
അഞ്ച് മക്കളാണ്
ദമ്പതികൾക്ക്.
രാധ, ഡോ ബാലകൃഷ്ണൻ,
ജാനമ്മ, പാർവ്വതി.
ജലജ.
1984 ൽ മലയാളത്തിൽ
മൂന്നാമതായി *ജ്ഞാനപീഠമെത്തിച്ചത്*
പിള്ളയാണ്.
1985 ൽ രാജ്യം *പത്മഭൂഷൺ*
സമ്മാനിച്ചു.
ഋതുക്കൾ എത്രയോ കടന്നുപോയി. വെള്ളപ്പരപ്പിൽ മുങ്ങിക്കിടന്ന കുട്ടനാടൻ വയൽപരപ്പ് എത്രവട്ടം പൊൻനിറമണിഞ്ഞു!. അനുഭവങ്ങളുടെ മലവെള്ളപാച്ചിലുകൾ എത്രയോ കാലം മാറിപ്പോയ
അവസരങ്ങൾ.
തകഴിയുടെ അക്ഷരങ്ങളുടെ
ഗരിമയും ഗൗരവവും
എന്നും......
എന്നും......

*കെ.ബി ഷാജി. നെടുമങ്ങാട്.*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള