Apr_04_1891/ ടി. മാധവറാവു

*അഭ്യൂദയം നിനക്കാശു വരുത്തുവാ-*
*നിപ്പോഴിവിടേക്ക് വന്നിതു ഞാനെടോ.*
*താപത്രയവും വിഷാദവും തീർന്നുപോ-*
*മാപത്ത് മറ്റുള്ളവയുമകന്നുപോം*

*അധ്യാത്മരാമായണം*
_യുദ്ധകാണ്ഡത്തിലെ_
അഗസ്ത്യമുനിയുടെ
വാക്യങ്ങൾക്ക് ഇവിടെ എന്ത്
പ്രാമുഖ്യമെന്നോർത്ത്
വിസ്മയഭരിതരാകേണ്ട!.

*നെടുമങ്ങാട് - തിരുവനന്തപുരം* റൂട്ടിലോടുന്ന
പണ്ടത്തെ ചുവന്ന നിറത്തിലുള്ള ഓർഡിനറി
ബസ്സിൽ, ബാല്യകാലത്ത്
തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ചുള്ള ആശുപത്രിയിലേയ്ക്ക്
മുതിർന്ന ഒരു ബന്ധുവായ
ഒരാളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു
ഈ കുറിപ്പ് എഴുതുന്നയാൾ.
എഴുപത് നയാപൈസയായിരുന്നു
ടിക്കറ്റ് നിരക്ക്.
ഒരാൾ കണ്ടക്ടറോട്
ഒരു രൂപ നോട്ട് നീട്ടിയിട്ട്
പറഞ്ഞു.
_*ഒരു സ്റ്റാറ്റ്യൂ"_
"ഈ ബസ്സ് സ്റ്റാറ്റ്യൂ വഴിയല്ല
പോകുന്നത്.
പാളയത്തിറങ്ങി
സിറ്റി ബസ്സിൽ കയറിയാൽ
സ്റ്റാറ്റ്യൂവിലിറങ്ങാം."
അന്നൊന്നും
ആ പ്രത്യേക പദത്തിന്റെ പൊരുളറിയുന്നില്ലായിരുന്നു.
വർഷങ്ങൾ കഴിഞ്ഞാണ്
ആ സ്ഥലത്തിന്, മേല്പറഞ്ഞ
ആംഗലേയ പദം സ്ഥലനാമമായി പരിണാമം
കൊണ്ടതിന്റെ വിശേഷമറിയുന്നത്.
ചുരുക്കം ചില പഴമക്കാർ
_മാധവരായർ_ എന്ന്
അഭിമാനപൂർവ്വം വിളിച്ചിരുന്ന
തിരുവിതാംകൂർ ദിവാനായിരുന്ന
*സർ ടി മാധവറാവുവിന്റെ*
പൂർണകായ വെങ്കല പ്രതിമയുടെ സാന്നിദ്ധ്യം
നിറഞ്ഞ് നിന്നതിനാലെന്നാണെന്ന്.
ഹജൂർക്കച്ചേരി വളപ്പിൽ
പടിഞ്ഞാറോട്ട് അതിഗംഭീരമായി ജ്വലിച്ച നേത്രങ്ങളോടെ ഉടവാളൂന്നി
നില്ക്കുന്ന വീരൻ വേലുത്തമ്പിയുടെ പ്രതിമയെ വീക്ഷിച്ച് കൊണ്ട്
പ്രമുഖ സ്വാതന്ത്ര്യ സമരഭടൻ
*കെഇ മാമ്മൻ* ഒരിക്കൽ അഭിപ്രായപ്പെട്ടു.
"പരസ്പര വിരുദ്ധമായിട്ടാണല്ലോ ഈ ഉറച്ച മനസ്സുള്ള ഭരണാധികരികളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്"?
ശരിയെന്ന് തോന്നിപ്പോകുന്ന അഭിപ്രായം.

1811ൽ ഭരണക്രമത്തിന്റെ നവീകരണത്തിനായി
*റാണി ലക്ഷ്മിഭായിയും*
*കേണൽ മൺറോയും* ചേർന്ന്
ആവിഷ്കരിച്ച
നൂതന പദ്ധതികളുടെ
പരിണിതഫലമാണ്
ഹജൂർ കച്ചേരി.
*ഹുസൂർ* എന്ന അറബി ഭാഷാപദത്തിന്
ഭരണകേന്ദ്രം എന്നാണർത്ഥം.
ഹജൂർ കച്ചേരിയുടെ
വികസിത രൂപമാണ്
ഇപ്പോഴത്തെ _ഗവൺമെന്റ് സെക്രട്ടറിയേറ്റ്._
ഈ മന്ദിരമാണ്
തിരുവിതാംകൂറിന്റേയും
തിരു -കൊച്ചിയുടെയും
ഇപ്പോൾ കേരളത്തിന്റേയും
ഭരണസിരാകേന്ദ്രം.
കോട്ടയ്ക്കകത്തായിരുന്ന
ഹജൂർ കച്ചേരി
ഇന്ന് ഇരിക്കുന്ന സ്ഥലത്തേക്ക്
മാറ്റി സ്ഥാപിക്കുവാൻ
മാധവറാവുവാണ് മുന്നിട്ടിറങ്ങിയത്.
ഇതിനെതിരെ കോട്ടയ്ക്കകത്തെ ബ്രാഹ്മണർ
പ്രതിഷേധവുമായി മഹാരാജാവിനെ സമീപിച്ചിരുന്നു.
1875 ഡിസംബർ 7 ന്
ആയില്യം തിരുനാൾ മഹാരാജാവ്,
മന്ദിരത്തിന്റെ
ശിലാസ്ഥാപന കർമ്മം
നിർവഹിച്ചു.
സെക്രട്ടറിയേറ്റ് മന്ദിര നിർമ്മാണത്തിനാവശ്യമായ
മണ്ണെടുത്ത്, ഇഷ്ടിക പാകപ്പെടുത്തിയ സ്ഥലമാണ്
സമീപപ്രദേശമായ
_ചെങ്കൽച്ചൂള._
പുത്തൻകച്ചേരിയിലെ
ജോലിക്കാർക്ക്
സാധനങ്ങൾ വാങ്ങുന്നതിന്
രൂപം കൊടുത്ത വ്യാപാരകേന്ദ്രമാണ് പിൽക്കാലത്ത്
*പുത്തൻചന്ത* എന്ന പേരിൽ അറിയപ്പെട്ടത്.
സെക്രട്ടറിയേറ്റ് മന്ദിര നിർമ്മാണത്തിൽ
താനും കുറേ കല്ലും കട്ടയും
ചുമന്നതാണെന്ന്
*ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ* ഒരിക്കൽ പ്രസ്താവിച്ചിട്ടുണ്ട്
1869 ആഗസ്റ്റ് 23 ന് സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം ആയില്യം തിരുനാൾ മഹാരാജാവ് നിർവഹിച്ചു.
ഹജൂർ കച്ചേരിയോടൊപ്പം
നിയമസഭാ ചേംബർ,
സദർകോട്ട്, ജില്ലാക്കോടതി
എന്നിവയും അതേ മന്ദിരത്തിൽ പ്രവർത്തിച്ചു.
റീജന്റ് റാണി സേതുലക്ഷ്മിഭായിയുടെ
ഭരണകാലംവരെ
ഹൈക്കോടതി സെക്രട്ടറിയേറ്റ് മന്ദിരത്തിലാണ്
പ്രവർത്തിച്ചിരുന്നത്.

ഗ്രീക്ക് റോമൻ വാസ്തുശില്പകലയുടെ സവിശേഷതകളായ
പെഡസ്റ്റൽ, കോളം,
കാപ്പിറ്റൽ എന്നിവയോട് കൂടിയ നീണ്ടുരുണ്ട തൂണുകളും, ഗോഥിക് ജനാലകളും, മണിമാളികയും സെക്രട്ടറിയേറ്റ് സൗധത്തെ ആകർഷകമാക്കുന്നു.
ആദ്യനിലയുടെ മച്ച്, തടികൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മധ്യഭാഗത്തെ വിശാലമായ ഡർബാർ ഹാൾ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നും നിരവധി സുപ്രധാന സമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന
പ്രസ്തുത ഹാൾ,
സർ ടി മാധവറാവുവിന്റെ
ഭാവനാ വൈശിഷ്ട്യത്തെ വെളിവാക്കുന്നു.
ഡർബാർ ഹാളിന്റെ പ്രധാന പ്രവേശന വാതിലിന് മുകൾഭാഗത്തായി ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.

This building was completed
In the year 1869 AD in the
Reign of His Highness
Ramavarma Maharaja of Travancore H.K.G.C.S.T.
When His Highness Ramavarma F.M.V was First
Prince.
C.A BILLARD Esquire,
M.G.S British Resident,
Sir, Madhava Ravu
K.C.S Dewan,
W.C BARTON
Esquire MICE
(Chief Engineer)

തിരുവിതാംകൂറിൽ ഒന്നര നൂറ്റാണ്ട് മുമ്പ്
സാമൂഹിക പരിവർത്തനത്തിന് ഇടയാക്കിയ
നിരവധി പരിഷ്കാരങ്ങൾ നിർഭയം നടപ്പാക്കിയ ഭരണാധികാരിയായിരുന്നു *രാജാ സർ ടി മാധവറാവു.*
*തിരുവിതാംകൂറിലും,* *ഇൻഡോറിലും ബറോഡയിലും*
ദിവാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
_ചാന്നാർ ലഹള_ പരിഹരിക്കാനും
ഭൂനിയമപരിഷ്കരണത്തിനും ബ്രിട്ടീഷുകാരുമായി വ്യാപാര ഉടമ്പടികൾക്കും മാധവറാവുവിന്റെ
ധീഷണാശക്തിയാണ് തിരുവിതാംകൂർ മഹാരാജാവ് *ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ* പ്രയോജനപ്പെടുത്തിയത്.

*തമിഴ്നാട്ടിലെ* _കുംഭകോണത്ത്_ _മഹാരാഷ്ട്രാ_
ബ്രാഹ്മണകുടുംബത്തിൽ
1887 ലാണ്
ടി മാധവറാവു ജനിച്ചത്. അച്ഛൻ _ആർ.രങ്കറാവു,_ തിരുവിതാംകൂറിൽ ഉന്നതോദ്യോഗസ്ഥനായിരുന്നു.
പിതൃസഹോദരൻ
*ആർ.ആർ വെങ്കിട്ടറാവു*
തിരുവിതാംകൂറിലെ ദിവാനുമായിരുന്നു.
*ചെന്നൈ* _പ്രസിഡൻസി കോളേജിൽ_ വിദ്യാഭ്യാസം പൂർത്തിയാക്കിയ റാവു
1846 ൽ അതേ കോളേജിൽ അധ്യാപകനായി.
പിന്നീട് ചെന്നൈയിലെ അക്കൗണ്ട് ജനറൽ ഓഫീസിലും ഉദ്യോഗസ്ഥനായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലും അധ്യാപനത്തിലും മാധവറാവുവിന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചറിഞ്ഞ ഉത്രം തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ തിരുവിതാംകൂറിലേക്ക് ക്ഷണിച്ചു.
തന്റെ അനന്തരാവകാശികളും  ഭാഗിനേയന്മാരുമായിരുന്ന _ആയില്യം തിരുനാളിനും_  _വിശാഖം തിരുനാളിനും_  വിദഗ്ധ ശിക്ഷണം നൽകുന്നതിനായിരുന്നു അത്. മാധവറാവുവിന്റെ കഴിവുകളിൽ മതിപ്പ് തോന്നിയ ഉത്രംതിരുനാൾ,
1853 ൽ അദ്ദേഹത്തെ
_ഡെപ്യൂട്ടി പേഷ്ക്കാരായി_ നിയമിച്ചു. താമസിയാതെതന്നെ
_ദിവാൻ പേഷ്ക്കാരായി_ ഉദ്യോഗക്കയറ്റവും നൽകി.

അഴിമതിയാരോപണ വിധേയനും ഭരണശേഷി കുറഞ്ഞയാളുമായ *കൃഷ്ണറാവു* ആയിരുന്നു അക്കാലത്തെ ദിവാൻ.
1857 ൽ അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് തിരുവിതാംകൂറിലെ
ആക്ടിങ് ദിവാനായി
മാധവറാവുവിനെ നിയമിച്ചു. *ശ്രീപത്മനാഭസ്വാമിക്ഷേത്രം*
വക നിധിയിൽ നിന്ന് വായ്പയെടുത്ത്
ശമ്പളക്കുടിശ്ശിക തീർക്കേണ്ട
വിധത്തിൽ ശോചനീയമായിരുന്നു അപ്പോൾ സർക്കാർ
ഖജനാവിന്റെ സ്ഥിതി.
അതേ സാഹചര്യത്തിൽ, വേണമായിരുന്നു മുറജപം പൂജോത്സവം പത്മനാഭസ്വാമിക്ഷേത്രത്തിൽ നടക്കേണ്ടിയിരുന്നതും.
വളരെ സമർത്ഥമായി മുറജപത്തിന് വേണ്ട ഒരുക്കങ്ങൾ ഏർപ്പെടുത്തിയ
മാധവറാവുവിന്റെ കാര്യശേക്ഷി രാജാവിന് ബോദ്ധ്യമായി.
1858 ൽ ബ്രിട്ടീഷ് റസിഡന്റിന്റെ അഭിപ്രായം കൂടി പരിഗണിച്ച് മാധവറാവുവിനെ മഹാരാജാവ് ദിവാൻ പദവിയിൽ സ്ഥിരപ്പെടുത്തി.
ആ കാലങ്ങളിൽ ഒട്ടേറെ
ഭരണപരിഷ്ക്കാര പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ മാധവറാവുവിന് കഴിഞ്ഞു.

സവർണ്ണജാതിയിലുള്ളവരെപ്പോലെ അവർണ്ണസമുദായത്തിൽ പ്പെട്ട സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അക്കാലത്താണ് *ചാന്നാർ* സമുദായം ഒന്നാകെ പ്രക്ഷോഭം തുടങ്ങിയത്. ചാന്നാർലഹളയെ അനുകൂലിച്ചും പ്രതികൂലിച്ചും വിരുദ്ധനിലപാടുകളുണ്ടായി. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച്
മാധവറാവു മഹാരാജാവിന് ഉചിതമായ ഉപദേശം നൽകി. 1859 ൽ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ സ്വാതന്ത്ര്യം അനുവദിച്ച് രാജകീയ വിളംബരമുണ്ടായി. 1860 ൽ ഉത്രം തിരുനാൾ മഹാരാജാവ് നാട് നീങ്ങിയതോടെ
റാവുവിന്റെ ശിഷ്യൻ കൂടിയായ
ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്
മഹാരാജാവായി.
തിരുവിതാംകൂറിലെ
സുവർണ ഭരണകാലമായിരുന്നു അക്കാലം.
ഭൂനിയമ പരിഷ്കരണങ്ങളുൾപ്പെടെ നിരവധി സാമൂഹിക പരിവർത്തന നടപടികൾ അക്കാലത്തുണ്ടായി.
സർക്കാർ വക പാട്ടവസ്തുക്കളിൽ
കുടിയാന് സ്ഥിരാവകാശവും
കൈമാറ്റ സ്വാതന്ത്ര്യവും
ഉറപ്പ് നല്കിയ
*പണ്ടാരപ്പാട്ട വിളംബരം*
1865 ലുണ്ടായി.
1887 ലെ *ജന്മി കുടിയാൻ*
വിളംബരത്തിലൂടെ
സർക്കാരല്ലാത്ത
ജന്മികളുടെ വസ്തുക്കളിലും
കുടിയാന് അവകാശസ്ഥിരത
ലഭിച്ചു.
നെൽവയലുകൾക്കുള്ള
നികുതിയിൽ ഇളവ്,
കുരുമുളക് വ്യാപാരത്തിൽ
സർക്കാർ കുത്തക നിറുത്തി.
കർഷകർക്ക് സ്വതന്ത്ര വ്യാപാരാനുമതി,
അതിന്റെ സാമ്പത്തികബാധ്യത
കുറയ്ക്കാനേർപ്പെടുത്തിയ
ചുങ്കത്തിൽ ഇളവ്
എന്നിവ മാധവറാവുവിന്റെ
കാഴ്ചപ്പാടനുസരിച്ചാണ്
നടപ്പായത്.

വാണിജ്യ കാര്യങ്ങൾ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാരുമായി
*ഇൻർപോർട്ടൽ കൺവെൻഷൻ* എന്ന വ്യാപാര ഉടമ്പടിയുണ്ടാക്കിയത് മാധവറാവുവിന്റെ  രാജ്യതന്ത്രജ്ഞതയ്ക്കും പ്രായോഗിക ബുദ്ധിയ്ക്കും തെളിവാണ്.
തിരുവിതാംകൂറിൽ തീരുവതീർത്ത ചരക്കുകൾ. ബ്രിട്ടീഷ് ഇന്ത്യയിലും അതുപോലെ തിരിച്ചും
തീരുവ തീർക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഉടമ്പടി.
തിരുവിതാംകൂറിനാണ്
ആ ഉടമ്പടി നേട്ടമായത്.
1861ൽ അഞ്ചൽ ഓഫീസ് വഴി പൊതുജനങ്ങൾക്കും കത്തിടപാടുകൾ നടത്താൻ സൗകര്യമൊരുക്കി.
നീതിന്യായ നിർവഹണ രംഗത്ത് പരിഷ്കരണ നടപടികൾ ആവിഷ്ക്കരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്മാൾകേസ് കോടതികൾക്ക് തുടക്കമിട്ടു.
സർക്കാർ ജീവനക്കാരുടെ _സേവനവേതന വ്യവസ്ഥകൾ_ നവീകരിക്കാനും വിരമിക്കുന്നവർക്ക് *പെൻഷൻ* നൽകാനും നടപടി സ്വീകരിച്ചു.
1859 ൽ പെൺകുട്ടികൾക്കായി തിരുവനന്തപുരത്ത്  മാധവറാവു തുടങ്ങിയ സ്കൂളാണ് പിന്നീട്
*വിമൻസ് കോളേജായത്.*
1866 ൽ മഹാരാജാസ്
ഫ്രീ സ്കൂളായി തുടങ്ങിയ വിദ്യാലയം *ആർട്സ് കോളേജായി* വികസിച്ചു. _തിരുവനന്തപുരം ജനറൽ ആശുപത്രി,_ മാനസികരോഗാശുപത്രി, പത്തോളം ഡിസ്പെൻസറികൾ
രണ്ട് മൂന്ന് ആശുപത്രികൾ എന്നിവയും അദ്ദേഹം സ്ഥാപിച്ചു.
1861 ൽ സ്വതന്ത്ര പൊതുമരാമത്ത് വകുപ്പിനും ദിവാൻ രൂപം നൽകി. _തിരുവനന്തപുരം-നാഗർകോവിൽ,_
_കൊല്ലം-ചെങ്കോട്ട_ റോഡുകൾ, ആലപ്പുഴ തുറമുഖത്തിലെ വിളക്ക് മരം, *കുഴിത്തുറ പാലം,* നിരവധി സർക്കാർ മന്ദിരങ്ങൾ എന്നിവ മാധവറാവുവിന്റെ കാലത്ത് നിർമ്മിച്ചു.
*വർക്കലയിൽ* കുന്ന് തുരന്ന് ജലസേചന പദ്ധതികൾക്കും രൂപം നൽകി.
മാധവറാവു ആവിഷ്കരിച്ച പരിഷ്ക്കാര പ്രവർത്തനങ്ങൾ മാനിച്ച് അദ്ദേഹത്തിന്
_ബ്രിട്ടീഷ് ഗവൺമെന്റ്_ *സർ* സ്ഥാനം നൽകി.

*പിന്നെ വിമാനവുമേറി മഹാമുനി*
*ചെന്നു വീണാധരോപാന്തേ മരുവിനാൻ.*

ആയില്യം തിരുനാളിന്  തന്നോട് അതൃപ്തിയുണ്ടെന്നറിഞ്ഞ മാധവറാവു,
1872 ൽ മഹാരാജാവിന്
രാജി സമർപ്പിച്ചു.
രാജി സമർപ്പിച്ചാണ്
പിരിഞ്ഞതെങ്കിലും നിഷ്ക്കാസിതനാക്കപ്പെട്ട
ഒരാളെപ്പോലെ പാദചാരേണ യാണ് സ്വരാജ്യത്തേക്ക് മടങ്ങിയതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീരാമചന്ദ്രന് നല്ലത് സംഭവിപ്പിക്കാനാണ് അഗസ്ത്യൻ വിമാനത്തിലെത്തിയതും അതുപോലെ മടങ്ങിയതും.
1973 മുതൽ രണ്ട് വർഷം ഇൻഡോർ രാജാവായ
തുക്കോജി റാവു പോൽക്കറുടെ മന്ത്രിയായി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബറോഡ ഭരണാധികാരി
ഗയ്കവാഡിന് പകരം
1875 മുതൽ റീജന്റായി
ഭരണം നടത്തി.
1882 ൽ ആ ജോലിയും രാജിവെച്ചു.
_ബോംബെ സർവകലാശാല_ അദ്ദേഹത്തെ _"ഫെലോ_"
ആയി ബഹുമാനിച്ചു. ഇന്ത്യയിലെ ഗവർണർ ജനറൽ *രാജാ* എന്ന ഉന്നത ബഹുമതിയും നൽകി.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം
ദേശീയ പ്രസ്ഥാനത്തോട് അടുത്ത ബന്ധം പുലർത്തിയ ദേശാഭിമാനി കൂടിയായിരുന്നു
റാവു. *ഇന്ത്യൻ നാഷണൽ* *കോൺഗ്രസ്സിൽ* ചേർന്ന് അദ്ദേഹം നിസ്തുലമായ സേവനം നടത്തി.
1887 ലെ ചെന്നൈ കോൺഗ്രസ്സ് സമ്മേളനത്തിന്റെ
സ്വാഗത സംഘം അധ്യക്ഷനായിരുന്നു. പ്രതിഭാസമ്പന്നനായ എഴുത്തുകാരനായും മാധവറാവു ശ്രദ്ധിക്കപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തെ സംബന്ധിച്ച് അദ്ദേഹം ഒരു കൃതി രചിച്ചെങ്കിലും അത് പൂർത്തിയാക്കാനായില്ല. ഭരണപരവും രാഷ്ട്രീയവുമായ പല ബന്ധങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1890 ൽ പക്ഷവാതം പിടിപെട്ട് കിടപ്പിലായ മാധവറാവു
1891ൽ ഏപ്രിൽ 4 ന് അന്തരിച്ചു.

*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള