Apr_03_1991/ പി.കെ: ബാലകൃഷ്ണൻ

*കണ്ണൻ വരുമ്പോളിളക്കം തുടർന്നാൽ,*
*കർണ്ണാ നിനക്കും  കനക്കേട്തട്ടും,*
*എണ്ണത്തിലേതാനുമല്പം കുറയ്ക്കാം,*
*എന്നേ വരാവൂ മഹാദേവശംഭോ!.*

*കുഞ്ചൻനമ്പ്യാരുടെ*
_പതിനാല് വൃത്തം_
എന്ന കൃതിയിലെ
_ഉറച്ചതും ഭവിച്ചതും_ എന്നൊരു പാഠഭാഗം പത്താം ക്ലാസ്സിൽ പഠിച്ചിരുന്നു.
ഭഗവദ് ദൂതാണ്
കഥ.
പാണ്ഡവന്മാർക്ക്
പകുതി രാജ്യം വാങ്ങിക്കൊടുക്കാനാണ്
ഭഗവാൻ കുരുസഭയിലേയ്ക്ക്
എത്തുന്നത്.
കണ്ണന്റെ ആഗമനം മണത്തറിഞ്ഞ സുയോധനൻ
ഇനി ആ കള്ളക്കൃഷ്ണൻ
വരുകയാണെങ്കിൽ നന്നായി
ഒന്ന് പൂശി വിടണമെന്നും
സഭയിൽ ഉപവിഷ്ടരായിക്കുന്നവർ
ആവശ്യമില്ലാത്ത ബഹുമാനമൊന്നും ഗോപാലനോട് കാട്ടുകയരുതെന്നും
ചട്ടം കെട്ടുന്നു.
പ്രാണമിത്രമായ
അംഗേശന് മാത്രം  നാഗകേതനന്റെ
ശിക്ഷയിൽ ചെറിയൊരിളവ്.

ഭാരതയുദ്ധം തീരുമാനിക്കപ്പെട്ടു.
കൗരവരുടെ
സർവ്വസൈന്യാധിപനായി
_ഭീഷ്‌മപിതാമഹനെ_
അവരോധിച്ച ദിവസം
പ്രാണസഖനായ _ദുര്യോധനന്റെ_ സവിധത്തിൽ, കർണ്ണൻ ആയുധങ്ങളേല്പിക്കുന്നു.
യുദ്ധം ജയിച്ചാലും
പിതാമഹൻ പതിച്ചാലും
അയാളുടെ അസാന്നിദ്ധ്യത്തിൽ
മാത്രമെ
താൻ ആയുധങ്ങൾ വീണ്ടും
ധരിക്കുകയുള്ളുവെന്നുള്ള
പ്രതിജ്ഞയുമെടുക്കുന്നു.
അഭ്യാസക്കാഴ്ചയുടെ
അന്ന്
യാതൊരു ലോപവും പ്രകടിപ്പിക്കാതെ
അംഗരാജ്യം വച്ച്‌ നീട്ടിയ
ചങ്ങാതിയുടെ അദമ്യമായ
വാത്സല്യവും സ്നേഹവും
സ്മരിക്കുന്ന സൂതപുത്രന്റെ
സാന്ത്വനമില്ലാത്ത
മനസ്സാണ്
കൃഷ്ണയേയും വിസ്മയിപ്പിക്കുന്നത്.

*വ്യാസഭാരതത്തിലെ* കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തി രചിച്ച നോവലാണ്
*പികെ. ബാലകൃഷ്ണന്റെ*
*ഇനി ഞാൻ ഉറങ്ങട്ടെ.*
1973 ഓണക്കാലത്ത്
പ്രസിദ്ധീകരിച്ച *മാതൃഭൂമിയുടെ* വിശേഷാൽപ്പതിപ്പിലാണ്
ചിത്രങ്ങൾ സഹിതം
ഈ നോവൽ സമ്പൂർണ്ണമായി
അച്ചടിച്ച് വന്നത്.
രണ്ടാമത്തെ *വയലാർ*
പുരസ്ക്കാരവും
അക്കാദമി അവാർഡും
ലഭിച്ച ഈ നോവൽ ഇന്നും കാവ്യസുഗന്ധം പരത്തി
വിലസുന്നു
സൂര്യപുത്രനായ കർണ്ണന്റെ സമ്പൂർണകഥയാണ്‌ ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കൽപം നടത്തി,ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു.
"ഇനി ഞാൻ ഉറങ്ങട്ടെ" കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട്‌ മലയാളത്തിലെ ശ്രദ്ധേയമായ നോവലാണ്‌.
ഇംഗ്ലീഷിൽ
*നൌ ലെറ്റ് മീ സ്ലീപ്* എന്ന പേരിലും തമിഴിൽ
*ഇനി ഞാൻ ഉറങ്ങട്ടും*
എന്ന പേരിലും കന്നഡയിൽ *നാനിന്നു നിദ്രിസുവെ* എന്ന പേരിലും ഈ നോവൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിൽ തന്നെ രണ്ടാമതൊരു വിവർത്തനം *ബാറ്റിൽ ബിയോണ്ട് കുരുക്ഷേത്ര* എന്ന പേരിൽ  ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി 2017 ൽ പ്രസിദ്ധീകരിച്ചു.

തന്റെ ജീവിതകഥയുടെ പ്രതിഫലനമായി ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ ഈ നോവൽ കർണ്ണന്റെ കഥ പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാന ഭാഗത്താണ് നോവൽ ആരംഭിക്കുന്നത്.   അർജ്ജുനനാൽ കൊല്ലപ്പെട്ട കർണ്ണൻ സ്വന്തം ജ്യേഷ്ഠനാണെന്നറിയുന്ന യുധിഷ്‌ഠിരൻ, ജീവിതവിരക്തനാകുന്നു. ഏറ്റവും കൊടിയ ശത്രു മരിച്ചതിൽ സന്തോഷത്തിന് പകരം ഭർത്താവിൽ കണ്ട ഈ ഭാവമാറ്റം ദ്രൗപദിയെ അസ്വസ്ഥയാക്കുന്നു.
താൻ മനസ്സിലാക്കിയ ജീവിതസത്യങ്ങൾ തകിടംമറിഞ്ഞ ഈ അസ്വസ്ഥതയിൽ നിന്ന് അന്വേഷണമാരംഭിക്കുന്നു. സൂതനായി ജീവിച്ച മഹാനും ദയാലുവുമായ ഒരു പാണ്ഡവരാജകുമാരന്റെ കഥ വെളിച്ചത്ത്
കൊണ്ടുവരുന്നു.  പാണ്ഡവർക്കവകാശപ്പെട്ട രാജ്യത്തിന്റെ രാജാവാകേണ്ട ജ്യേഷ്ഠസഹോദരനെ, അവർക്ക്, യുദ്ധത്തിൽ അറിഞ്ഞുകൊണ്ട് ജീവദാനം കൊടുത്ത ഒരു കൂടപ്പിറപ്പിനെ,  ചതിയിൽവധിച്ചാണ്‌ തന്റെ പതിമാർ യുദ്ധം ജയിച്ചതെന്ന സത്യം ദ്രൗപദിയെ സ്വന്തം ജീവിതത്തെ, അതിന്റെ അർത്ഥമില്ലായ്മയെ വീണ്ടും നോക്കിക്കാണാൻ നിർബന്ധിതയാക്കുന്നു.
ഏറെ സമാനതകളും വ്യത്യാസങ്ങളുമുള്ള രണ്ട് പ്രധാനകഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ,  ജീവിതത്തെ ഈ നോവൽ ആഴത്തിൽ നോക്കിക്കാണുന്നു.

കേരളത്തിലെ ഒരു ചരിത്രകാരനും,
സാമൂഹ്യരാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു
*പി.കെ. ബാലകൃഷ്ണൻ.* മുഴുവൻ പേര്‌ *പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ.*
ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെയാണ്‌ പ്രശസ്തിയിലേക്കുയർന്നത്. പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങൾ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തിൽ വളരെ ഗഹനമായ അറിവുണ്ടായിരുന്ന അദ്ദേഹം വേറിട്ടപാതയിലൂടെയാണ് ചരിത്രത്തെ സമീപിച്ചത്.  അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്തു .
ചിന്താസ്വാതന്ത്ര്യം പണയപ്പെടുത്താൻ കൂട്ടാക്കാത്ത തീവ്ര വ്യക്തിത്തമാണ്
അദ്ദേഹത്തെ
ഒറ്റയാനാക്കി നിർത്തുന്നത്.
_കേരളമാഹാത്മ്യം,_
_കേരള ചരിത്രം_ എന്നീ പുസ്തകങ്ങളെയും
പ്രൊഫസ്സർ
*ഇളംകുളം കുഞ്ഞൻപിള്ളയുടെ* ചില പരാമർശങ്ങളേയും അദ്ദേഹം നിശിതമായി വിമർശിച്ചു

*എറണാകുളം* ജില്ലയിലെ _എടവനക്കാട്_ എന്ന ഗ്രാമത്തിൽ 1926 ൽ
ബാലകൃഷ്ണൻ ജനിച്ചു. പിതാവ് _കേശവനാശാൻ,_ മാതാവ് _മാണിയമ്മ._ എടവനക്കാട്ടും ചെറായിയിലുമായിരുന്നു
ബാലകൃഷ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം. ജാനകി, ലക്ഷ്മി, പാർവ്വതി എന്നിവരായിരുന്നു ജ്യേഷ്ഠസഹോദരിമാർ.
വിദ്യാരംഭം കുറിച്ചത് മാധവൻ എന്ന ആശാന്റെ കളരിയിലായിരുന്നു.
1940 ൽ ചെറായിയിലെ രാമവർമ്മ യൂണിയൻ ഹൈസ്കൂളിലും പഠിച്ചു. സ്കൂളിൽ നിന്ന് സ്വർണ്ണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പോടെയുമാണ് അദ്ദേഹം പുറത്ത് വന്നത്. ഏതാണ്ട് ഇതേ സമയത്ത് പിതാവ് പക്ഷാഘാതം മൂലം തളർന്ന് കിടപ്പിലായി. എങ്കിലും ബാലകൃഷ്ണന്റെ പഠിപ്പ് മുടക്കാൻ അദ്ദേഹം അനുവദിച്ചില്ല.
ഉന്നതവിദ്യാഭ്യാസം എറണാകുളത്തെ മഹാരാജാസ് കോളേജിലായിരുന്നു. ശാസ്ത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പഠിക്കുന്ന കാലത്ത് *ക്വിറ്റ് ഇന്ത്യാ* പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽ‌വാസം അനുഷ്ഠിച്ചതിനെ തുടർന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. നാല് വർഷം കലാലയത്തിൽ പഠിച്ചെങ്കിലും അദ്ദേഹത്തിന് ബിരുദം സമ്പാദിക്കാനായില്ല. തുടർന്ന് രാഷ്ട്രീയ പ്രവർത്തനവും പത്രപ്രവർത്തനവുമായി മുന്നോട്ട് പോയി.
വായനയിലൂടെ അന്നത്തെ ലോക രാഷ്ട്രീയാന്തരീക്ഷം അദ്ദേഹത്തിന് മനഃപാഠമായി. *കോൺഗ്രസ്സിന്റെ* ചരിത്രം പഠിക്കുന്നതിലൂടെ ചരിത്രം ഒന്നടങ്കം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിത്തീർന്നു. ജയിൽ ജീവിതത്തിനിടക്ക് *സി.അച്യുതമേനോനെയും* *കെ. കരുണാകരനേയും* അദ്ദേഹം പരിചയപ്പെട്ടിരുന്നതും  രാഷ്ട്രീയരംഗത്തേക്ക് 
ഇറങ്ങുന്നതിന് പ്രചോദനമായി.

ജയിലിൽ നിന്നിറങ്ങിയ ശേഷം കുറച്ച് കാലം അദ്ദേഹം
കൊച്ചിരാജ്യപ്രജാമണ്ഡലത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി.
*മത്തായി മാഞ്ഞൂരാന്റെ* കീഴിൽ _പ്രജാമണ്ഡലത്തിൽ_ ഭിന്നിപ്പ് ഉണ്ടായപ്പോൾ
*കേരള സൊഷ്യലിസ്റ്റ് പാർട്ടിയിലും* ചേർന്ന് പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയരംഗത്തെ അപചയം കണ്ട് രാഷ്ട്രീയ പ്രവർത്തനം പികെ. ബാലകൃഷ്ണൻ ഉപേക്ഷിച്ചു.
*വൈക്കം മുഹമ്മദ് ബഷീറിനോടൊപ്പവും തനിച്ചും
കുറച്ച് നാൾ എറണാകുളത്ത് പുസ്തകശാല നടത്തിയിരുന്നു.
ഇക്കാലത്ത് അദ്ദേഹം കോൺഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ മുഖപത്രമായ *ആസാദ്* എന്ന വാരികയുടെ പിന്നിൽ പ്രവർത്തിച്ചു. ആസാദിൽ അദ്ദേഹം എഴുതിയിരുന്ന നിരവധി ലേഖനങ്ങൾ പത്രമാദ്ധ്യമപ്രവർത്തകർക്കും പൊതുജങ്ങൾക്കുമിടയിൽ അദ്ദേഹത്തിന്റെ യശസ്സ് വർദ്ധിപ്പിച്ചു.

രാഷ്ട്രീയ ജീവിതകാലത്ത് ബാലകൃഷ്ണൻ പല സമുന്നത സാഹിത്യനവോത്ഥാന നായകന്മാരുമായി പരിചയപ്പെട്ടു.
*സഹോദരൻ അയ്യപ്പൻ,* *ശ്രീനാരായണഗുരു* തുടങ്ങിയവരുടെ വ്യക്തിത്വം അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരുന്നു.
_ദിനസഭയുടെ_ എഡിറ്റർ,
തിരുവനന്തപുരത്ത് *കേരളകൗമുദിയിൽ* ദീർഘകാലം പത്രാധിപസമിതയംഗം, *കേരളഭൂഷണം,* *മാധ്യമം* എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപർ എന്നീ നിലകളിൽ
പി.കെ.ബാലകൃഷ്ണൻ പ്രവർത്തിച്ചു.

പി.കെ.ബാലകൃഷ്ണൻ പരക്കെ അറിയപ്പെട്ട് തുടങ്ങിയത് സാഹിത്യരംഗത്തുള്ള സംഭാവനകളിലൂടെയാണ്‌. ബാലകൃഷ്ണന്റെ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു ആയിരുന്നു. (1954) പിന്നീട് വന്ന *ചന്തുമേനോൻ ഒരു പഠനം,*
*നോവൽ സിദ്ധിയും സാധനയും,*
*കാവ്യകല കുമാരനാശാനിലൂടെ* തുടങ്ങിയ പുസ്തകങ്ങൾ മലയാള സാഹിത്യത്തിന്‌ ഗണ്യമായ മുതൽക്കൂട്ടാണ്.

*ഉറങ്ങാത്ത മനീഷി*
_എം.കെ സാനു_ എഴുതിയ പി.കെ.ബാലകൃഷ്ണന്റെ ജീവചരിത്രം മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്നു.
*ടിപ്പു സുൽത്താൻ,*
ശ്രീ നാരായണഗുരു തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കുന്നതോടെ അദ്ദേഹം ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടവും നടത്തിത്തുടങ്ങിയിരുന്നു. താമസിയാതെ ചരിത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായി.
താൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ വിവിധ കോണുകളിലൂടെ പഠിക്കുവാനും അവയുടെ സത്യവും മിഥ്യയും വേർ‌തിരിച്ചെടുക്കാനും അദ്ദേഹം ശ്രമം നടത്തി. മറ്റുളളവരുടെ അഭിപ്രായങ്ങൾ അവ തെളിവുകളുടെ സാന്നിധ്യത്തിൽ പരിശോധിക്കാനും അവ തെറ്റെന്ന് തോന്നുന്നിടത്ത് നിശിതമായി എതിർക്കാനും അദ്ദേഹം മടിച്ചില്ല. അദ്ദേഹത്തിന്റെ വളരെ മൗലികമായ ഒരു സംഭാവന കേരള ചരിത്ര രചനയായിരുന്നു. കാലങ്ങളായി കേരളത്തിന്റെ ചരിത്രത്തിൽ കടന്ന് കൂടിയ മിഥ്യാധാരണകൾ അദ്ദേഹം പൊടികളഞ്ഞെടുത്തു. ഇതിനിടയിൽ കേരളചരിത്രകാരനായ _ഇളംകുളം കുഞ്ഞൻ പിള്ളയുടെ_ പല ചിന്തകളേയും
കേരളമാഹാത്മ്യം, കേരളോല്പത്തി എന്നീ ഗ്രന്ഥങ്ങളുടെ അവകാശവാദങ്ങളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതാണ്‌ അദ്ദേഹത്തെ 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും  എഴുതുന്നതിൽ എത്തിച്ചത്. അക്കാലംവരെയുണ്ടായിരുന്ന ധാരണകൾക്ക് വിപരീതമായി കേരളത്തിൽ ഒരു സാമ്രാജ്യമോ കേമമായ ഒരു രാജസ്ഥാനമോ ഉണ്ടായിരുന്നില്ലെന്നും നാഗരികതയുടെ പൈതൃകം കേരളത്തിന് അത്രകണ്ട് അവകാശപ്പെടാനില്ല എന്നുമുള്ള വാദമാണ് ഗ്രന്ഥം മുന്നോട്ട് വച്ചത്.
ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന കൃതി കേരളചരിത്രത്തെപ്പറ്റി അതുവരെ ഉണ്ടായിരുന്ന ധാരണകളെ ചോദ്യംചെയ്യുകയും പുതിയ വസ്തുതകളുടെ വെളിച്ചത്തിൽ ചരിത്രത്തെ സമീപിക്കുകയും ചെയ്തു . കേരള ചരിത്രതിൽ അറിയപ്പെട്ടിരുന്ന "രണ്ടാം ചേര സാമ്രാജ്യം", നൂറ്റാണ്ട് യുദ്ധം" തുടങ്ങിയവ ആവശ്യമായ തെളിവുകളില്ലാത്ത സങ്കല്പപ്പങ്ങൾ മാത്രമാണെന്നു അദ്ദേഹം വാദിച്ചു.
1991 ഏപ്രിൽ 3 ന്
എറണാകുളത്ത്
അദ്ദേഹം അന്തരിച്ചു.

അങ്ങേയറ്റം വിമർശനാത്മകമായിരുന്നു
പികെയുടെ സാഹിത്യ
സമീപനങ്ങൾ.
എന്നും റിബലിന്റെ ധീരത
പുലർത്താനാണ്
അദ്ദേഹം തന്റെ വ്യക്തി ജീവിതത്തത്തിലും
രചനാ ജീവിതത്തിലും തുനിഞ്ഞത്.

എഴുത്തച്ഛന്റെ കല,
ചില വ്യാസഭാരത പഠനങ്ങൾ
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ,
നിദ്രാ സഞ്ചാരങ്ങൾ,
മായാത്ത സന്ധ്യകൾകൾ,
ബാലകൃഷ്ണന്റെ ലേഖനങ്ങൾ
കേരളീയതയും മറ്റും
20 ലേഖനങ്ങളുടെ സമാഹാരം
എന്നിവയും അദ്ദേഹത്തിന്റേതാണ്.

വ്യാസഭാരതത്തെ ഉപജീവിച്ച് എഴുതിയ
ഇനി ഞാൻ ഉറങ്ങട്ടെ
മലയാളത്തിലെ  പുരാണ
കഥോപജീവികളായ നോവലുകളിൽ അഗ്രിമസ്ഥാനത്ത് നിൽക്കുന്നു.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള